ചവറ: വീടുകളിൽ കയറി മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷണസംഘം ചവറ പൊലീസിന്റെ പിടിയിൽ. ആസാം സ്വദേശികളായ അബ്ദുൾ ഗഫൂർ ( 24), ബിജയ് ദാസ് (31) അഷ്രഫുൾ ആലം(24) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കരുനാഗപ്പള്ളി അസി.പൊലിസ് കമ്മിഷണർ ഷൈനു തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അബ്ദുൾ ഗഫൂറിനെ പന്മനയിലുള്ള വാടക വീട്ടിൽ നിന്നും ബിജയ് ദാസിനെ ആലപ്പുഴയിൽ നിന്നും അഷറഫുൾ ആലത്തിനെ കോയമ്പത്തൂരിൽ നിന്നുമാണ് പിടികൂടിയത്. പ്രതികൾ കൺസ്ട്രക്ഷൻ വർക്കിന് വേണ്ടി എന്ന വ്യാജേന പന്മന ആറ് മുറിക്കടയ്ക്ക് സമീപം വീടുകൾ വാടകയ്ക്കെടുത്ത് താമസിച്ച് മോഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി പന്മന ആക്കൽ ശോഭാ നിവാസിൽ സോമൻ പിള്ളയുടെ വീട്ടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് 18.5 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിന്റെ അനേഷണത്തിലാണ് ഇവർ പിടിയിലായത്. പന്മന മുഖം മൂടി മുക്കിൽ സമീപത്ത് റിട്ട. പഞ്ചായത്ത് സെക്രട്ടറി അൻസാരിയുടെ വീട്ടിൽ പകൽ സമയത്ത് കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ചതും ഇവരാണന്ന് തെളിഞ്ഞു. പ്രതികളെ മോഷണം നടന്ന സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി . ഇവർ താമസിച്ചിരുന്ന ടൈറ്റാനിയം ജംഗ്ഷന് സമീപമുള്ള വാടക വീട്ടിൽ നിന്ന് കുഴിച്ചിട്ട മോഷണമുതലുകൾ പോലീസ് കണ്ടെടുത്തു. പ്രതികളെ ചവറ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അനേഷണ സംഘത്തിൽ ചവറ പൊലിസ് ഇൻസ്പെക്ടർ എ. നിസാമുദീൻ, സബ് ഇൻസ്പെക്ടർമാരായ എസ്. സുഖേഷ്, നൗഫൽ എ.ആന്റണി, എ.എസ്. ഐ ഷിബു, സി .പി .ഓ മാരായ അനു റോയി , സേനൻ, ഷാഡോ ടീമിൽപ്പെട്ട എ .എസ് .ഐ ഷിബു, ബൈജു, റിബു ,രതീഷ് ,മനു എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |