കാട്ടാക്കട:ഒൻപത് വയസ്സുകാരിയെ വർഷങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് 89 വർഷം കഠിനതടവും 90,000 രൂപ പിഴയും. കരകുളം ഏണിക്കര ചെക്കിട്ട വിളാകം വീട്ടിൽ നിന്ന് അരുവിക്കര ഇറയംകോട് മൈലം മാവ് നിൽക്കുന്ന വിള വീട്ടിൽ താമസിക്കുന്ന അനിൽകുമാറി(42)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ 16 മാസം കൂടി ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. തുക അപര്യാപ്തമായതിനാൽ കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.
2019 ഓണക്കാലത്ത് കുട്ടി നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യപീഡനം നടന്നത്. തുടർന്ന് പലതവണ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച് വർഷങ്ങളോളം പീഡിപ്പിച്ചു.പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. എന്നാൽ 2023 കൂട്ടുകാരികളുമായി സംസാരിക്കുന്നതിനിടെ കുട്ടി വിവരം പറഞ്ഞു. തുടർന്ന് സ്കൂൾ കൗൺസലർ വഴി ഹെഡ്മിസ്ട്രസ് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി കേസ് ഫയൽ ചെയ്യിക്കുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ്, പ്രസന്ന,പ്രണവ് എന്നിവർ കോടതിയിൽ ഹാജരായി. അരുവിക്കര അസി. ഇൻസ്പെക്ടർ ആയിരുന്ന സെൽവി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 26 സാക്ഷികളെ വിസ്തരിക്കുകയും 35രേഖകളും 5 തൊണ്ടി മുതലും ഹാജരാക്കി.അരുവിക്കര ഇൻസ്പെക്ടർ ആയിരുന്ന വി.എസ്.വിപിൻ കോടതിയിൽ കുറ്റപത്രം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |