
പത്തനംതിട്ട: തിരുവല്ല സ്‌പാ കൂട്ടബലാംത്സംഗക്കേസിൽ പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന. ഒന്നാം പ്രതി മരണസുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. മറ്റ് നാലുപേർ ഒളിവിലാണ്. സംഭവസമയം സ്‌പായിലുണ്ടായിരുന്ന സഹപ്രവർത്തകയുടെ ഒത്താശയോടെയാണ് പീഡനം നടത്തിയതെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഇവരിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും അന്വേഷണം നീളും. ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷൻ ആക്രമണമാണ് നടന്നതെന്നും തന്റെ ജീവനക്കാരിൽ ചിലർ അതിന് കൂട്ടുനിന്നിട്ടുണ്ടെന്നും സ്‌പാ ഉടമയും ആരോപണം നടത്തിയിരുന്നു. അങ്ങനെയെങ്കിൽ കൂടുതൽപേരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തും.
അതേസമയം, ബലാത്സംഗക്കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എസ്‌പി ആർ ആനന്ദ് പറഞ്ഞു. സംഭവത്തിൽ പൊലീസിന് വീഴ്‌ച സംഭവിച്ചുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സ്‌പാ ഉടമയുടെ ആരോപണം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഈ മാസം ഒന്നിന് നടന്ന സംഭവത്തിൽ യുവതിയോ സ്പാ ഉടമയോ പരാതി നൽകിയിട്ടില്ലെന്നും രണ്ടുപേരെ അറസ്റ്റുചെയ്തത് രഹസ്യ വിവരത്തെ തുടർന്നാണെന്നും പൊലീസ് പറഞ്ഞു. പീഡന വിവരം പൊലീസും മറച്ചുവച്ചു. ഗുണ്ടാ സംഘം അതിക്രമം കാട്ടുന്ന വീഡിയോദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്പാ കേന്ദ്രീകരിച്ച് പൊലീസും പണപ്പിരിവ് നടത്തുന്നതായി ആരോപണമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.
'ആരോപണ വിധേയനായ പൊലീസുകാരനെതിരെ നടപടിയെടുത്തിട്ടുണ്ട്. വകുപ്പുതല അന്വേഷണം നടക്കും. കൂടുതൽ പേർ പിരിവ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സ്പായിലെ സംഭവത്തിൽ അനാസ്ഥ കാട്ടിയിട്ടില്ല. രഹസ്യ വിവരം ലഭിച്ച ഉടൻ യുവതിയുടെയും സ്പാ ഉടമയുടേയും മൊഴിയെടുത്തു. രണ്ടുപേരെ അറസ്റ്റുചെയ്തു. നാല് പ്രതികൾക്കായി തെരച്ചിൽ നടക്കുകയാണ്. സുബിനെ കാപ്പാ കേസിൽ കരുതൽ തടങ്കലിലാക്കും . സ്പാ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. തിരുവല്ല ഡിവൈ.എസ്.പി ടി.ആർ ജിജുവിനാണ് അന്വേഷണ ചുമതല. സഹപ്രവർത്തകയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന യുവതിയുടെ മൊഴി ഗൗരവത്തിൽ കാണും'- അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |