
ലോസാഞ്ചലസ്: യാത്രയ്ക്കിടെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്ത് അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പൈലറ്റ് സംഭവസമയത്ത് മാജിക് മഷ്‌റൂം കഴിച്ചിരുന്നതായി തെളിഞ്ഞു. കൂൺ കഴിച്ചതോടെ ഇയാൾക്ക് നാഡീസ്തംഭനം ഉണ്ടായതായും കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. യുഎസിലെ ഒറിഗോണിൽ നടന്ന സംഭവത്തിൽ ജോസഫ് ഡേവിഡ് എമേഴ്സൻ (44) ആണ് അറസ്റ്റിലായത്.
സംഭവസമയം, എമേഴ്സൻ ഡ്യൂട്ടിയിലല്ലായിരുന്നു. വിമാനത്തിന്റെ കോക്‌പിറ്റിലുള്ള ജീവനക്കാർക്കുള്ള സീറ്റിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. വിമാനം പറന്നതോടെ ഇയാൾ എഞ്ചിനുകൾ ഓഫ് ചെയ്തു, തുടർന്ന് പിൻഭാഗത്തുള്ള എമർജൻസി എക്സിറ്റ് തുറക്കാനും ശ്രമിച്ചു. വാഷിംഗ്ടണിലെ എവറെസ്‌റ്റിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്‌ക്കുള്ള അലാസ്ക എയർലൈൻസിന്റെ വിമാനമാണ് എമേഴ്സൻ അപകടപ്പെടുത്താൻ ശ്രമിച്ചത്. ഈ സമയം രണ്ട് കുട്ടികൾ ഉൾപ്പെടെ 80യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം മനസിലാക്കിയ ജീവനക്കാർ ഇയാളെ കീഴ്പ്പെടുത്തിയിരുന്നു. ശേഷം വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
കൊലപാതക ശ്രമം, വിമാനം അപകടപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. നാൽപ്പത് മണിക്കൂറിലേറെയായി താൻ ഉറങ്ങിയിട്ടില്ലെന്നാണ് എമേഴ്സൻ പൊലീസിനോട് പറഞ്ഞത്. മാനസിക വിഭ്രാന്തി ഉണ്ടാക്കുന്ന കൂണുകൾ കഴിച്ചിരുന്നു. ആദ്യമായാണ് ഇത് ഉപയോഗിക്കുന്നത്. സ്വപ്നത്തിലാണെന്നാണ് താൻ കരുതിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |