പേട്രിയറ്റ് രാജകീയം
മമ്മൂട്ടിയും മോഹൻലാലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'പേട്രിയറ്റ് " സിനിമയിൽ കേന്ദ്രമന്ത്രി ജെ.പി. സുന്ദരം എന്ന ജെ.പി.എസ് ആയി എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി രാജീവ് മേനോൻ. അസാധാരണമായ പ്രകടനത്തിൽ ഫഹദ് ഫാസിലിന്റെ അച്ഛനായി നിറഞ്ഞുനിന്നു രാജീവ് കഥാപാത്രം. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോനെ മലയാളത്തിന്റെ സ്ക്രീനിൽ കണ്ടത് 28 വർഷങ്ങൾക്കു ശേഷമാണ്. 'ഹരികൃഷ്ണൻസ്" എന്ന മമ്മൂട്ടി - മോഹൻലാൽ ചിത്രത്തിൽ രാജീവ് അവതരിപ്പിച്ച ഗുപ്തൻ പ്രേക്ഷകമനസിൽ ഇപ്പോഴും ഇറങ്ങിപോകാതെ നിൽക്കുന്നു. രാജീവ് മേനോന്റെ വിശേഷങ്ങളിലൂടെ.
വഴി തിരിച്ച ഫോട്ടോഗ്രഫി അതിമനോഹരമായ ദൃശ്യങ്ങൾ പകർത്തുന്ന ഛായാഗ്രാഹകൻ. ആദ്യമായി ലഭിച്ച ക്യാമറയിൽ പോലും ചിത്രങ്ങൾ അത്ഭുതപ്പെടുത്തി. സംവിധായകനായപ്പോൾ പിറന്നത് മനോഹരമായ സിനിമകൾ. മിൻസാരക്കനവ്, കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്നീ സിനിമകളിൽ എല്ലാം കഥ പോലെ വിഷ്വലുകളും സൗന്ദര്യം പകർന്നു. ആ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് രാജീവ് അല്ലെന്നുകൂടി ഓർക്കണം. ഫോട്ടോഗ്രാഫിയോടുള്ള സ്വപ്നം ആണ് രാജീവിനെ ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചത്. സത്യത്തിൽ, ഇവിടം മുതൽ ആണ് രാജീവ് എന്ന ചലച്ചിത്രക്കാരന്റെ പിറവി ആരംഭിക്കുന്നത്. ഫാഷൻ ഷൂട്ടുകളുടെയും കോർപറേറ്റ് ഫിലിമുകളുടെയും പരസ്യചിത്രങ്ങളുടെയും ലോകം പുതുവഴികൾ തുറന്നുനൽകി. സുന്ദരനായ ഛായാഗ്രാഹകനെ സിനിമാതാരങ്ങൾ പോലും അത്ഭുതത്തിൽ നോക്കി. എന്നാൽ, ക്യാമറയുടെ പിന്നിൽ നിൽക്കാനായിരുന്നു രാജീവിന് താത്പര്യം. 'റോജ" സിനിമയിൽ അരവിന്ദ് സ്വാമിയുടെ വേഷത്തിലേക്ക് മണിരത്നം കണ്ടത് രാജീവിനെ. എന്നാൽ ആ അവസരം സ്നേഹത്തോടെ നിരസിച്ചു എന്നു പറയുമ്പോൾ ഇപ്പോഴും രാജീവിന് ഒരു ചെറുപുഞ്ചിരി മാത്രം.
സുന്ദരമായ 'ബോംബേ"ഫ്രെയിം യുവത്വത്തിന്റെ ആഘോഷം തീർത്ത 'മിൻസാരക്കനവ്'. രാജീവ് മേനോന്റെ ആദ്യ സംവിധാന സംരംഭം. നായകന്മാരിൽ ഒരാളായി എത്തിയത് അരവിന്ദ് സ്വാമി . സാക്ഷാൽ മണിരത്നത്തിന്റെ റോജയിലെ നായകൻ . അതാണ് രാജീവ് മേനോൻ എന്ന ചലച്ചിത്രകാരൻ. പരസ്യചിത്രങ്ങളുടെ ലോകത്ത് പ്രവർത്തിക്കുമ്പോൾ സിനിമയിൽ പ്രവർത്തിക്കാൻ അവസരം മൂന്നുതവണ വന്നെങ്കിലും അവസാന നിമിഷം നഷ്ടപ്പെട്ടു. അത് ഒരു വാശിയായി മാറി.പ്രതാപ് പോത്തൻ സംവിധാനം ചെയ്ത 'ചൈതന്യ" എന്ന തെലുങ്ക് ചിത്രത്തിനാണ് ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്നത്. പിന്നാലെ ഗിരീഷ് കർണാടിന്റെ 'ചെലുവി" എന്ന ഹിന്ദി സിനിമ . ഛായാഗ്രഹണ യാത്രകൾ തുടർന്നു. മണിരത്നം സംവിധാനം ചെയ്ത 'ബോംബേ"യുടെ മനോഹരമായ ഫ്രെയിമുകൾ 30 വർഷം പിന്നിടുമ്പോഴും ചാരുത പകരുന്നു. രാജീവ് മേനോന്റെ ഏറ്റവും മികച്ച ഫ്രെയിമുകൾ ബോംബേ'യിലേതാണെന്ന് ഇപ്പോഴും പ്രേക്ഷകർ വിശ്വസിക്കുന്നു. കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ സിനിമയിൽ രാജീവിന്റെ അമ്മയും പ്രശസ്ത ഗായികകുമായ കല്യാണി മേനോൻ മുഖം കാണിച്ചിട്ടുണ്ട്. ഐശ്വര്യ റായ്യുടെ സംഗീത അദ്ധ്യാപികയായി.
സർവം സംഗീത മയം കൊച്ചിയിൽ ജനിച്ച രാജീവ് വളർന്നത് എല്ലാം ചെന്നൈയിൽ. രാജീവ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ എല്ലാം പാട്ടിന് വലിയ പ്രാധാന്യം നൽകി. ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ഫീച്ചർ സിനിമയുടെ പേര് സർവം താളമയം. ജി.വി. പ്രകാശും നെടുമുടി വേണുവും അപർണ ബാലമുരളിയും പ്രധാന വേഷം അവതരിപ്പിച്ച സിനിമ പത്തൊൻപതു വർഷത്തെ ഇടവേളയ്ക്കുശേഷം ഒരുക്കിയ മൂന്നാമത്തെ സംവിധാന സംരംഭം ആയിരുന്നു. പുത്തം പുതുകാലത്തിലെ ആന്തോളജി ചിത്രം ഉൾപ്പെടെ സംവിധാന സംരംഭങ്ങൾ എല്ലാം തമിഴിൽ.
അഭിനയം ഒരിക്കലും രാജീവിനെ പ്രലോഭിപ്പിച്ചില്ല. ക്യാമറയുടെ പിന്നിൽ നിൽക്കാനായിരുന്നു ആഗ്രഹം. അന്ന് ഫാസിലിന്റെയും ഇപ്പോൾ മഹേഷ് നാരായണന്റെയും നിർബന്ധം കാരണം ക്യാമറയുടെ മുന്നിലേക്ക് വന്നു എന്ന് ഉറപ്പ് . വിടുതലൈ, സബ്ധാം എന്നീ തമിഴ് ചിത്രങ്ങളിലും സാന്നിദ്ധ്യം അറിയിച്ചു. പേട്രിയറ്റ് സിനിമയിൽ ജെ.പി.എസ് എന്ന കഥാപാത്രം അവതരിപ്പിക്കാൻ മറ്റൊരു മുഖമില്ലെന്ന് തീർച്ച. പേട്രിയറ്റിൽ ഏറ്റവും ചർച്ചചെയ്യപ്പെട്ടത് രാജീവ് കഥാപാത്രം തന്നെ. തുടക്കത്തിലെ പോലെ ഇപ്പോഴും പരസ്യ നിർമ്മാണ മേഖലയിൽ സജീവമാണ് രാജീവ്.
ഒപ്പം ഡോക്യുമെന്ററി നിർമ്മാണം. മൈൻസ് സ്ക്രീൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനവും നടത്തുന്നു. സംഗീത വഴിയിലും രാജീവ് സാന്നിദ്ധ്യം അറിയിച്ചു. സർവം താളമയത്തിലെ 'വരലാമാ" എന്ന ഗാനത്തിന് ഈണം ഒരുക്കി. സിനിമയിൽ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകനും എ.ആർ. റഹ്മാൻ ആണ്. ഏറെ പ്രസിദ്ധമായ പല പരസ്യ ചിത്രങ്ങളും ഈ കോംബോയിൽ പിറന്നതാണ്. ഭാര്യ ലത മേനോൻ പരസ്യ ചിത്ര സംവിധായികയാണ്. സരസ്വതിയും ലക്ഷ്മിയുമാണ് മക്കൾ. സരസ്വതി അഭിനേത്രിയാണ്. അതേസമയം രാജീവ് വീണ്ടും ക്യാമറയ്ക്ക് പിന്നിലേക്ക് പോകാൻ ഒരുങ്ങുന്നു. നായകൻ രജനികാന്ത്. നിർമ്മാണം കമൽഹാസൻ. സംവിധാനം നെൽസൻ. ക്യാമറയുടെ മുന്നിലേക്ക് എപ്പോൾ എന്നു ചോദിച്ചാൽ ഇടവേള പ്രതീക്ഷിക്കാം എന്നാകും മറുപടി.