'പടക്കളം' എന്ന സിനിമയിലൂടെ ഏറെ പ്രശംസനേടിയ നടനാണ് സന്ദീപ് പ്രദീപ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ നടൻ മാധവ് സുരേഷിനെയും സന്ദീപ് പ്രദീപിനെയും താരതമ്യം ചെയ്തുള്ള പോസ്റ്റുകൾ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് മാധവ് സുരേഷ്.
പടക്കളത്തിൽ താനായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടിരുന്നുവെന്നും അത്തരം പോസ്റ്റുകൾ സന്ദീപ് ചെയ്തതിനെ അനാദരിക്കുന്നത് പോലെയാണെന്നുമാണ് മാധവ് സുരേഷ് പറഞ്ഞത്. മെെൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മാധവ് ഇക്കാര്യംവ്യക്തമാക്കിയത്.
'പടക്കളം എന്ന സിനിമയിലെ സന്ദീപിന്റെ പെർഫോമൻസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. രണ്ട് മൂന്ന് ഫേസ്ബുക്ക് പേജുകളിൽ മാധവ് സുരേഷ് ഈ ക്യാരക്ടർ ചെയ്താൽ നന്നായിരിക്കുമെന്നുള്ള പോസ്റ്റ് കണ്ടു. സന്ദീപ് ചെയ്ത വർക്കിനോടുള്ള അനാദരവായാണ് ഞാൻ കണ്ടത്. പ്രശംസിക്കുകയോ വിമർശിക്കുകയോ ചെയ്യുക. താരതമ്യം നിർത്തുക. അത്തരമൊരു പോസ്റ്റ് പങ്കുവച്ച് ഞാനിതേക്കുറിച്ച് സംസാരിച്ചിരുന്നു. അതിനിടയിൽ വന്ന കമന്റുകൾ നിങ്ങൾ തന്നെ പിആർ ചെയ്യുന്നതല്ലേയെന്നാണ്. സന്ദീപിന്റെ പെർഫോമൻസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നിങ്ങൾ അഭിനന്ദിക്കാം, വിമർശിക്കാം, പക്ഷേ താരതമ്യം ചെയ്യരുത്'- മാധവ് പറഞ്ഞു.
സുരേഷ് ഗോപി നായകനായ 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യാണ് പുറത്തിറങ്ങാനിരിക്കുന്ന മാധവിന്റെ ചിത്രം. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. പ്രവീൺ നാരായണൻ ആണ് സംവിധാനം ചെയ്യുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മാണം. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ കൂടിയാണ്. അനുപമ പരമേശ്വരനെ കൂടാതെ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |