പുതുവർഷത്തിൽ ഇളയദളപതി എന്ന തെന്നിന്ത്യൻ ആരാധകരുടെ ജീവശ്വാസമായ വിജയ് തന്റെ സിനിമ യാത്രയിൽ ഇരുപത്തിയൊമ്പത് വർഷങ്ങൾ കടന്ന് മുപ്പതിലേക്ക് കാലെടുത്തുവയ്ക്കുന്നു. 1992 ൽ നാളയ തീർപ്പ് എന്ന ചിത്രത്തിലൂടെ വിജയ് തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോൾ തമിഴകത്ത് വിജയിസത്തിന്റെ ആഘോഷരാവുകളാണ് വരാനിരിക്കുന്നതെന്ന് വിജയ് പോലും ചിന്തിച്ചിട്ടില്ലായിരിക്കും. തമിഴ് സിനിമയുടെ ഐക്കണായി മാറാൻ സാധിച്ച വിജയ് കാമറയ്ക്ക് മുന്നിൽ വേഷപ്പകർച്ച നടത്തിയ ഓരോ കഥാപാത്രങ്ങളിലും വിജയ് ജോസഫ് ചന്ദ്രശേഖർ എന്ന വ്യക്തിയെ കാണാൻ കഴിയുമായിരുന്നില്ല. തന്റെ പതിനെട്ടാം വയസിൽ വിജയ് എന്ന നായക വേഷത്തിൽ അച്ഛൻ എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത് നാളയ തീർപ്പിലൂടെ സിനിമയുടെ അഭ്രപാളിയിലേക്ക് എത്തിയ വിജയ് പിന്നിട്ട വഴികളിൽ വിജയിസത്തിന്റെ 29 വർഷങ്ങളാണ് .
സിനിമ സംവിധായകനും നിർമാതാവുമായ അച്ഛന്റെ മകനായതുകൊണ്ട് തന്റെ വളർച്ചയിൽ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു സിനിമ. അച്ഛന്റെ വെട്രി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച വിജയ് യ്ക്ക് കാമറയ്ക്ക് മുന്നിൽ ആദ്യമായി അഭിനയിക്കുമ്പോൾ കൗതുകവും ഉത്സാഹവുമായിരുന്നെന്ന് അന്ന് ചിത്രീകരണത്തിന് സാക്ഷ്യം വഹിച്ചവർ ഇപ്പോഴും ഓർക്കുന്നു. ഒരേ സംവിധായകന്റെ രണ്ടു ചിത്രങ്ങൾ നൂറു കോടി ക്ലബിൽ എത്തിച്ച റെക്കോർഡും വിജയ് യുടെ കൈയിൽ സുരക്ഷിതമാണ്. എ .ആർ മുരുഗദോസുമായി ഒന്നിച്ച തുപ്പാക്കിയ്ക്കും കത്തിയുമാണ് ഈ നേട്ടം കൈവരിച്ചത്. തുള്ളാത്ത മനവും തുള്ളുവിലെ കുട്ടി, പ്രിയമാനവളയിലെ വിജയ്, ഖുഷിയിലെ ശിവ, ഗില്ലിയിലെ ശരവണ വേൽ, മൂന്ന് വേഷങ്ങളിൽ എത്തിയ മെർസൽ, ഡബ്ബിൾ റോളിൽ എത്തിയ ബിഗിൽ, പോക്കിരിയിലെ വേഷം തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത എത്രയെത്ര കഥാപാത്രങ്ങൾ.
സ്വന്തം സൂപ്പർതാരങ്ങളെ പോലെ വിജയ് യെ മലയാളികൾ സ്നേഹിക്കുന്നുണ്ട്. മലയാളത്തിൽ മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കാൻ ആഗ്രഹം വിജയ് പ്രകടിപ്പിച്ചിരുന്നു. മോഹൻലാലിനൊപ്പം ജില്ലയിൽ അഭിനയിച്ച വിജയ് മോഹൻലാലുമായും കുടുംബവുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. മാസ്റ്ററാണ് വിജയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ സിനിമ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് ആണ് അണിയറയിലൊരുങ്ങുന്ന വിജയ് ചിത്രം.സൺ പിക്ച്ചേഴ്സ നിർമ്മിക്കുന്ന ബീസ്റ്റിൽ പൂജാ ഹെഗ്ഡേയാണ് നായിക.ഷൈൻ ടോം ചാക്കോ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അനിരുദ്ധ രവിചന്ദറാണ് സംഗീതം. ബീസ്റ്റിന്റെ 80 ശതമാനം ചിത്രീകരണവും പൂർത്തിയായി. വിജയ് യുടെ 66-ാം ചിത്രം ദളപതി 66 വംശി െെപഡി പള്ളി സംവിധാനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |