ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. രാജ്യത്തെ കൊളോണിയൽ മുദ്രകളിൽ നിന്ന് മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനി നാവിക ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിന്റെ സ്മരണാർത്ഥമാണ് പോർട്ട് ബ്ലെയർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. പേരുമാറ്റാനുള്ള തീരുമാനം കേന്ദ്രമന്ത്രി അമിത് ഷായാണ് തന്റെ ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ബ്രീട്ടീഷുകാർക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ വിജയത്തിന്റെ പ്രതീകമായാണ് വിജയപുരം എന്ന പേരിട്ടത്. ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന ദ്വീപിൽ ഇന്ന് രാജ്യത്തിന്റെ തന്ത്രപരവും വികസനപരവുമായ മാറ്റങ്ങൾ നടക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ദേശീയ പതാക ആദ്യമായി അവതരിപ്പിച്ചതും വീർ സവർക്കർ അടക്കം സ്വാതന്ത്ര്യ സമര സേനാനികൾ സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടിയ സെല്ലുലാർ ജയിലും ഇവിടെയാണെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആൻഡമാനിലെ 21 വലിയ ദ്വീപുകൾക്ക് പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരു നൽകിയിരുന്നു. റോസ് ഐലൻഡ്സ് എന്നറിയപ്പെട്ടിരുന്ന ദ്വീപിന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരാണ് നൽകിയത്. തദ്ദേശീയരായ ഷോംപെൻ ഗോത്രപുനരധിവാസം അടക്കം 72,000 കോടി രൂപയുടെ വികസന പദ്ധതികളും കേന്ദ്രസർക്കാർ ഇവിടെ നടപ്പാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |