'മാതൃകാ പെരുമാറ്റച്ചട്ടം  ലംഘിച്ചു'; വി ശിവൻകുട്ടിക്കെതിരെ പരാതിയുമായി ബിജെപി

Thursday 26 March 2026 5:47 PM IST

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി. മന്ത്രിപദം ദുരുപയോഗം ചെയ്ത് വോട്ടഭ്യർത്ഥിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച് ബിജെപി ലീഗൽ ഇൻ ചാർജ് മണ്ഡലം വരണാധികാരിക്ക് പരാതി നൽകി.

ബിജെപി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം വിശ്രമമില്ലാതെ തുടരുകയാണ്. മണ്ഡലത്തിലെ വിവിധ വാർഡുകളിലും പ്രധാന സ്ഥലങ്ങളിലും വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. വികസനത്തുടർച്ചയ്ക്കായി എൽഡിഎഫിനെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായാണ് വി ശിവൻകുട്ടിയും പ്രവർത്തകരും വോട്ടർമാരെ കാണുന്നത്.

യുഡിഎഫ് സ്ഥനാർത്ഥി കെ.എസ്. ശബരിനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിന്റെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നേമം നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷൻ പാപ്പനംകോട് ശ്രീവത്സം ഓഡിറ്റോറിയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷൻ വിജയത്തിനൊപ്പം ബിജെപിയുടെ നിയമസഭാ വിജയവും തിരുവനന്തപുരത്തിന്റെ വികസനം ത്വരിതപ്പെടുത്തുമെന്ന വാഗ്ദാനവുമായാണ് എൻഡിഎ സ്ഥനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.