പാർട്ടി വിട്ടവരെ തോളിലേറ്റി ജനം; പയ്യന്നൂരും തളിപ്പറമ്പും അമ്പലപ്പുഴയിലും എൽഡിഎഫ് ഞെട്ടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളം ഉറ്റുനോക്കുന്നത് സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ച മൂന്ന് പ്രമുഖ നേതാക്കളുടെ മുന്നേറ്റമാണ്. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ മണ്ഡലങ്ങളിൽ എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് വൻ ലീഡാണ് വിമത സ്ഥാനാർത്ഥികൾ സ്വന്തമാക്കിയിരിക്കുന്നത്.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂരിൽ അക്ഷരാർത്ഥത്തിൽ കൊടുങ്കാറ്റാവുകയാണ്. പത്താം റൗണ്ട് പിന്നിടുമ്പോൾ 5,459 വോട്ടുകളുടെ ലീഡാണ് കുഞ്ഞിക്കൃഷ്ണൻ നിലനിർത്തുന്നത്. ആദ്യ റൗണ്ടുകളിൽ മുൻ എംഎൽഎ ടി.ഐ മധുസൂദനൻ മുന്നിട്ടുനിന്നെങ്കിലും പിന്നീട് കുഞ്ഞിക്കൃഷ്ണൻ ലീഡ് പിടിച്ചെടുക്കുകയായിരുന്നു. പാർട്ടിക്കുള്ളിലെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ നേതാവിന് ജനങ്ങൾ നൽകുന്ന പിന്തുണയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് പടിയിറങ്ങിയ ടി.കെ ഗോവിന്ദൻ തളിപ്പറമ്പിൽ അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നത്. അഞ്ച് റൗണ്ട് പിന്നിട്ടപ്പോൾ 7,206 വോട്ടുകൾക്കാണ് ടി.കെ ഗോവിന്ദൻ മുന്നിട്ടുനിൽക്കുന്നത്. പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് ഗോവിന്ദൻ പാർട്ടി വിട്ടതും യുഡിഎഫ് പിന്തുണയോടെ പോരാട്ടത്തിനിറങ്ങിയതും. ഇടതുകോട്ടയിലെ ഈ പതനം സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയാകും.
പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് തിരഞ്ഞെടുപ്പ് ഗോദിലിറങ്ങിയ മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ നില ഭദ്രമാക്കിയിരിക്കുകയാണ്. അഞ്ച് റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോൾ 7,774 വോട്ടുകളുടെ വ്യക്തമായ ലീഡ് സുധാകരനുണ്ട്. പാർട്ടിക്കുള്ളിലെ അവഗണനയ്ക്കുള്ള മറുപടിയായി സുധാകരന്റെ മുന്നേറ്റം വിലയിരുത്തപ്പെടുന്നു.