
തിരുവനന്തപുരം: പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ പലയിടത്തും സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ചിലയിടങ്ങളിൽ ലാത്തിവീശി. ആലപ്പുഴയിൽ ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിൽ സംഘർഷമുണ്ടായി. ഹരിപ്പാട്ട് പ്രചാരണം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. പരസ്പരം കല്ലും കുപ്പിയും കൊടിയും വലിച്ചെറിഞ്ഞു.
കായംകുളത്ത് ശബരിമലക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനം നിറുത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ പ്രചാരണ വാഹനം സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തു. പെരുമ്പാവൂരിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. കണ്ണൂർ പേരാവൂരിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സംഘർഷത്തിൽ യൂത്ത് ലീഗ് പ്രവർത്തകന് മർദ്ദനമേറ്റു. കൊച്ചി കളമശേരിയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തടയാൻ ശ്രമിച്ച പൊഴിയൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിപിന് പരിക്കേറ്റു. എറണാകുളം തോപ്പുംപടിയിൽ പൊലീസും എൽ.ഡി.എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമയം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാത്തതിനാൽ പൊലീസ് ഇടപെട്ടതിനെ തുടർന്നായിരുന്നു ഇത്.
പട്ടാമ്പിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ മൂന്ന് എൽ.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. കൊട്ടാരക്കരയിൽ ബി.ജെ.പി പ്രവർത്തകർക്കുനേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞെന്ന് ആരോപണം ഉയർന്നു. കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |