മണലൂരിൽ തപാൽ വോട്ട് ക്രമക്കേടെന്ന് പരാതി, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു ഡി എഫ്
തൃശൂർ : മണലൂർ നിയോജക മണ്ഡലത്തിലെ തപാൽ വോട്ടിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ്. ഇക്കാര്യമുന്നയിച്ച് യു.ഡി.എഫ് ഹൈക്കോടതിയിൽ ഹർജി നൽകും. മണലൂർ മണ്ഡലത്തിലെ തപാൽ വോട്ടുകൾ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടിയിൽ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സി.സി. ശ്രീകുമാർ പറഞ്ഞു.
തപാൽ വോട്ടുകൾ എണ്ണിയപ്പോൾ ഉണ്ടായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് റീ കൗണ്ടിംഗിനായി അപേക്ഷ നൽകിയിട്ടുണ്ട്. അതിന് ശേഷം മാത്രമേ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാവൂ എന്നും വരണാധികാരിയോട് യു.ഡി.എഫ് ആവശ്യപ്പെട്ടു, പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് 160 വോട്ടുകൾ കൂട്ടത്തോടെ അസാധുവാകാൻ കാരണമെന്ന് യു.ഡി.എഫ് പറയുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റിനൊപ്പം ബാലറ്റിന്റെ കൗണ്ടർ ഫോയിൽ കൂടി അയക്കാൻ പോളിംഗ് ഓഫീസർമാർ വോട്ടർമാരെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചതാണ് ഇത്രയധികം വോട്ടുകൾ അസാധുവാകാൻ ഇടയാക്കിയത്. സമ്മതിദായകരുടെ ജനാധിപത്യപരമായ വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും സി.സി. ശ്രീകുമാർ ആവശ്യപ്പെട്ടു.
മണലൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൽ.ഡി.എഫിലെ സി. രവീന്ദ്രനാഥ് 126 വോട്ടുകൾക്കാണ് ടി.എൻ. പ്രതാപനെ തോൽപ്പിച്ചത്. രവീന്ദ്രനാഥ് 65337 വോട്ടുകൾ നേടിയപ്പോൾ ടി എൻ പ്രതാപൻ 65211 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി അഡ്വ കെ കെ അനീഷ്‌കുമാർ 38125 വോട്ട് നേടി.ടി എൻ പ്രതാപന്റെ അപരൻ എ പ്രതാപൻ 184 വോട്ടുകൾ നേടിയപ്പോൾ രവീന്ദ്രനാഥിന്റെ അപരൻ കെ രവീന്ദ്രനാഥ് 234 വോട്ടുകൾ നേടി. നോട്ടക്ക് 676 വോട്ടുകളും ലഭിച്ചു. ഇന്ത്യൻ ഗാന്ധീയ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ശിവപ്രസാദ് ഗാന്ധി 118 വോട്ടുകളും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഡോ. ഉണ്ണികൃഷ്ണൻ ചിറയത്ത് 330 വോട്ടുകളും സ്വതന്ത്രരായി മത്സരിച്ച സുജിത് 70 വോട്ടും, പി വി ചന്ദ്രൻ 71 വോട്ടും നേടിയപ്പോൾ എസ്ഡിപിഐ സ്ഥാനാർത്ഥി ജിലീഫ് 1031 വോട്ടുകൾ നേടി.