പെരുമാറ്റച്ചട്ടം മേയ് ആറ് വരെ, സുരക്ഷയ്ക്കായി 32,000ലേറെ പൊലീസുകാർ: വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർണ്ണം

Sunday 03 May 2026 2:47 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. ഇത്തവണ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നും ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ രാവിലെ എട്ട് മണിയോടെ തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് ക്യുആർ കോഡ് ഉള്ള പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്. 32,301 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സ്ട്രോംഗ് റൂമുകളുടെ സുരക്ഷാ ചുമതല സിആർപിഎഫിനാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം,​ മെയ് 6 വരെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കും. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ വിജയാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടെന്നും രത്തൻ യു ഖേൽക്കർ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂം തുറക്കുന്നത് ചിത്രീകരിക്കാൻ മാദ്ധ്യമങ്ങൾക്ക് അനുമതിയില്ല. തെറ്റായ ഫലങ്ങൾ നൽകുന്നവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‌

എല്ലാ സംശയങ്ങളും ദൂരീകരിച്ച ശേഷം മാത്രമേ ഓരോ റൗണ്ട് ഫലവും ഔദ്യോഗികമായി പ്രഖ്യാപിക്കൂ. പൂർണ്ണമായ ഫലപ്രഖ്യാപനം വൈകിട്ട് അഞ്ച് മണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരിടത്തും തിരക്ക് കൂട്ടരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. വേഗത്തിൽ വോട്ടെണ്ണൽ പൂർത്തീകരിക്കണമെന്ന നിർബന്ധം കമ്മീഷനില്ല. സുതാര്യതക്കാണ് കമ്മീഷൻ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.