എംഎല്‍എമാരോട് ഉടന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; ഇന്ദിരാ ഭവനില്‍ ഒരുമണിക്ക് നിര്‍ണായക യോഗം
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എംഎല്‍എമാര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം. നിയുക്ത എംഎല്‍എമാര്‍ എത്രയും പെട്ടെന്ന് തലസ്ഥാനത്തേക്ക് തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എമാരോട് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇൗ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം നടക്കുക.
പ്രഖ്യാപനമുണ്ടായാല്‍ ഉടനെ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. ഇതിനുള്ള മറ്റ് ക്രമീകരണങ്ങളിലേക്ക് പാര്‍ട്ടി കടന്നുവെന്നാണ് വിവരം. ഇന്ദിരാ ഭവനില്‍ നിന്ന് വിളിപ്പാടകലെയുള്ള ലോക്ഭവനിലേക്ക് റോഡ് ഷോ ആയിട്ടായിരിക്കും അവകാശവാദം ഉന്നയിക്കാന്‍ മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെടുന്നയാള്‍ എത്തുകയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.
കേരളത്തിലെ മുഖ്യമന്ത്രിയാര് എന്നതില്‍ ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ പൂര്‍ത്തിയായി എന്നും അന്തിമ പ്രഖ്യാപനം നാളെ കേരളത്തില്‍ നടക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. 102 സീറ്റുകള്‍ നേടി ഐതിഹാസിക വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും കടുത്ത അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന കെസി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നുവെന്ന ചര്‍ച്ചകളാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. എംഎല്‍മാരില്‍ ഭൂരിഭാഗവും കെസിക്ക് ഒപ്പമാണ്. കേരളത്തില്‍ നിന്നുള്ള എംപിമാരും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാരും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും കെസിക്ക് ഒപ്പമാണ്.
അതേസമയം ഘടകകക്ഷികളില്‍ മുസ്ലീം ലീഗിന്റെ പിന്തുണ വി.ഡി സതീശന് ആണ്. പടനയിച്ചത് വി.ഡിയാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണം എന്നുമാണ് ലീഗിന്റെ നിലപാട്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. പ്രതിഷേധവുമായി വി.ഡി അനുകൂലികള്‍ തെരുവിലിറങ്ങിയതും കേരളത്തില്‍ അങ്ങോളമിങ്ങോളം ഫ്ളക്സ് പ്രതിഷേധം അരങ്ങേറിയതും ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയാണ് രാഹുല്‍ ഗാന്ധിക്കുള്ളത്.