വീണാ ജോർജ് നേരിട്ടത് കടുത്ത പരാജയം; ഒരു റൗണ്ടിൽ പോലും ലീഡ് ഉയർത്തിയില്ല
പത്തനംതിട്ട: ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും ആരോഗ്യമന്ത്രിയുമായ വീണാ ജോർജിന് കനത്ത പരാജയമാണ് തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. യുഡിഎഫിന്റെ അബിൻ വർക്കി 18,985 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കഴിഞ്ഞതവണ 19,003 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മന്ത്രിക്ക് ഇത്തവണ 51,098 വോട്ടുകൾ മാത്രമാണ് നേടാനായത്.
പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ തന്നെ അബിൻ വർക്കി ലീഡ് ഉറപ്പിച്ചിരുന്നു. ഒരു റൗണ്ടിൽ പോലും മുന്നിലെത്താൻ വീണാ ജോർജിന് സാധിച്ചില്ല. ഒരു പഞ്ചായത്തിൽ പോലും ലീഡ് നിലനിർത്താനും കഴിഞ്ഞില്ല.
'കേരളത്തിലെ ജനങ്ങൾ സുനാമി കണക്കെ ആഞ്ഞടിച്ച് യുഡിഎഫിനെ ജയിപ്പിച്ചു. ഇത് കേരളത്തിന്റെ പൊതു ജനവികാരമാണ്. അഹങ്കാരത്തിനും നുണ പറയുന്നവരോടും കേരളവും പത്തനംതിട്ടയും പൊറുക്കില്ലെന്ന സൂചനയാണിത്. ജനങ്ങൾ നൽകിയ ഈ ഉത്തരവാദിത്തത്തെ നന്ദിയോടെ സ്വീകരിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുൾപ്പെടെ യുഡിഎഫിന് വോട്ട് ചെയ്‌തു. ഈ ചരിത്രവിജയം നേടാൻ സഹായിച്ച വോട്ടർമാർക്ക് ഒരായിരം നന്ദി. നിങ്ങൾ നൽകിയ ഉത്തരവാദിത്തം കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിക്കും' - എന്നായിരുന്നു വിജയത്തിന് പിന്നാലെ അബിൻ വർക്കിയുടെ പ്രതികരണം.