കൊച്ചി: മരട് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയാല്‍ പത്ത് ചാക്കുകള്‍ അടുക്കി സൂക്ഷിച്ചിരിക്കുന്നത് കാണാം. ഇവയില്‍ നിന്ന് പുറത്തേക്ക് വരുന്നതാകട്ടെ നല്ല സുഗന്ധവും. മരട് എസ്എച്ച്ഒയുടെ മുറിക്ക് മുന്നിലായി അടുക്കി വച്ചിരിക്കുന്ന ചാക്കുകളിലുള്ളത് നല്ല ഒന്നാന്തരം ഏലമാണ്. വിളവെടുത്തിട്ട് അധികം പഴക്കമില്ലാത്ത ഇവയുടെ വില 15 ലക്ഷത്തിനടുത്ത് വരെയുണ്ട്. 580 കിലോ ഏലയ്ക്കായാണ് ചാക്കില്‍ സൂക്ഷിച്ചിരിക്കുന്നത്. ഒരു കേസിലെ തൊണ്ടി മുതലുകളാണിത്.
കുണ്ടന്നൂരിലെ നാഷനല്‍ സ്റ്റീല്‍ കമ്പനിയില്‍നിന്ന് മുഖംമൂടി സംഘം തോക്കുചൂണ്ടി കവര്‍ന്ന 81 ലക്ഷം രൂപയുടെ മുതലിന്റെ ഒരു ഭാഗം ആണ് സ്‌റ്റേഷന് മുന്നില്‍ സൂക്ഷിച്ചിരിക്കുന്നത്. കേസിന്റെ ഭാഗമായി ഇതുവരെ 67 ലക്ഷം രൂപയുടെ മുതല്‍ പൊലീസ് തിരികെപ്പിടിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 11 പേര്‍ ഇതുവരെ മരട് പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി ആലുവ ആലങ്ങാട് സ്വദേശി ജോജി ജോസി, പണം സൂക്ഷിക്കാന്‍ സഹായിച്ച ഇടുക്കി മുരിക്കാശേരി സ്വദേശിയും ഏലം കര്‍ഷകനുമായ ലെനിന്‍ ബിജു എന്നിവരെ ഇടുക്കിയില്‍ നിന്ന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖംമൂടി സംഘത്തില്‍ ഉള്‍പ്പെട്ട ജെയ്‌സല്‍ ഫ്രാന്‍സിസും മുരിക്കാശേരി സ്വദേശിയാണ്. മറ്റൊരു പ്രതി അബിന്‍സ് കുര്യാക്കോസ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിയാണ്. ബംഗളൂരുവില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
പണം കവര്‍ന്നതിന് ശേഷം പ്രതികള്‍ ഇടുക്കിയിലേക്കും അവിടെ നിന്ന് പോണ്ടിച്ചേരിയിലേക്കും പോയി. പോണ്ടിച്ചേരിയില്‍ നിന്നാണ് പ്രതികള്‍ ബംഗളൂരുവിലേക്ക് പോയത്. എന്നാല്‍ ഇവരെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |