കണ്ണൂര്‍: ഒരു വീട് പണികഴിപ്പിക്കാന്‍ ഇന്ന് വലിയ ചെലവാണ് വരിക. നിര്‍മാണ സാമഗ്രികളുടെ വില, പണിക്കാരുടെ കൂലി തുടങ്ങി തൊടുന്നതിനെല്ലാം കാശ് നല്‍കണം. വിചാരിക്കുന്നതിലും വളരെ ഉയര്‍ന്ന ചെലവായിരിക്കും വീട് പണി പൂര്‍ത്തിയാകുമ്പോള്‍ വരിക. 3300 സ്‌ക്വയര്‍ ഫീറ്റിന്റെ ആഡംബര വീട് വെറും 1500 രൂപ ചെലവില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുകയാണ് പ്രവാസിയായ ബെന്നി എന്നയാള്‍.തന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിവാക്കാനാണ് വ്യവസായിയായ ബെന്നി ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കൊവിഡ് കാലത്തിന് ശേഷം വലിയ കടബാദ്ധ്യതയില്‍പ്പെടുകയും 86 ലക്ഷത്തോളം രൂപയുടെ കടം വന്ന് ചേരികയും ചെയ്തു. ഒരു ആയുസ്സ് മുഴുവന്‍ സൗദി അറേബ്യയില്‍ പണിയെടുത്ത് സമ്പാദിച്ച പണം ഉപയോഗിച്ച് നിര്‍മിച്ച വീട് ഇപ്പോള്‍ ബാങ്കുകാരുടെ ജപ്തി ഭീഷണിയിലാണ്. 26 സെന്റ് സ്ഥലവും വീടുമാണ് ബെന്നി നറുക്കെടുപ്പിലൂടെ വിറ്റ് ഒഴിവാക്കാനുദ്ദേശിക്കുന്നത്. 1500 രൂപ വിലയുള്ള 10,000 കൂപ്പണുകളാണ് ബെന്നി തയ്യാറാക്കിയത്.
ഒന്നാം സമ്മാനം വീടും സ്ഥലവും. രണ്ടാം സമ്മാനം യൂസ്ഡ് ഥാര്‍ കാറും, മൂന്നാം സമ്മാനം ബെന്നി ഉപയോഗിക്കുന്ന സെലറിയോ കാറും നാലാം സമ്മാനം ബുള്ളറ്റുമാണ്. സൗദിയില്‍ എത്തിയ ശേഷം കഴിഞ്ഞ 35 വര്‍ഷത്തിനുള്ളില്‍ ഡ്രൈവര്‍ ജോലി ഉള്‍പ്പെടെയുള്ള നിരവധി ജോലികള്‍ ബെന്നി ചെയ്തിരുന്നു.കൊവിഡ് കാലത്ത് ബിസിനസിന്റെ സ്‌പോണ്‍സര്‍ മരിക്കുകയും അദ്ദേഹത്തിന്റെ മകനെ കാണാതാവുകയും ചെയ്തതോടെ സ്ഥാപനം സൗദി പൊലീസ് സീല്‍ ചെയ്തു. ഇതോടെയാണ് ബെന്നിക്കും കുടുംബത്തിനും കഷ്ടകാലം ആരംഭിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടിനിടെ ഭാര്യ കാന്‍സര്‍ രോഗിയിയായതോടെ കുടുംബം കൂടുതല്‍ കഷ്ടതയിലേക്ക് നീങ്ങി. ബാങ്ക് ജപ്തി ചെയ്യുന്നതിലും ഭേദം, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ വീട് ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ബെന്നിയും കുടുംബവും ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |