കോഴിക്കോട്: ട്രെയിനിനുള്ളിൽ കയറി യാത്രക്കാരെ ആക്രമിക്കുന്നതും അവർക്ക് നേരെ കല്ലെറിയുന്നതുമെല്ലാം പതിവ് സംഭവമാണ്. അടുത്തിടെയായി ട്രെയിനിന്റെ വാതിലിൽ നിൽക്കുന്നവരെ വടികൊണ്ട് അടിച്ചുവീഴ്‌ത്തി വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിക്കുന്ന സംഭവവും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ട്രെയിൻ നോക്കി പ്ലാറ്റ്‌ഫോമിൽ നിന്ന യുവാവിനുണ്ടായ അപകടമാണ് പുറത്തുവന്നിരിക്കുന്നത്.
ട്രെയിനിനുള്ളിൽ നിന്ന് ശക്തിയിൽ പുറത്തേക്ക് വലിച്ചെറിഞ്ഞ കുപ്പി മുഖത്ത് പതിച്ചാണ് യുവാവിന് പരിക്കേറ്റത്. ഈ മാസം 19ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. അതിവേഗം പോകുന്ന ട്രെയിനിൽ നിന്ന് ഇത്തരത്തിൽ കുപ്പിയെറിഞ്ഞാൽ ഏത് ബോഗിയിൽ നിന്നാണെന്ന് കണ്ടുപിടിക്കാൻ പോലും പ്രയാസമാണെന്നാണ് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നത്. സഹയാത്രക്കാർ അറിയിച്ചാൽ മാത്രമേ ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരെ കണ്ടെത്താനാകൂ. മാത്രമല്ല, അലക്ഷ്യമായി എറിഞ്ഞതാകാനും സാദ്ധ്യതയുണ്ട്. ഇത്തരം സംഭവങ്ങൾ നേരിൽ കാണുന്നവർ തടയുക മാത്രമാണ് ഏക പോംവഴിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് മുമ്പ് ഇത്തരത്തിലൊരു അപകടം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ട്രെയിനിന് നേരെ കല്ലെറിയുന്ന സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഈ വർഷം മൂന്ന് തവണയാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. ഏപ്രിൽ 17ന് ഉപ്പള സ്റ്റേഷനടുത്തും സെപ്‌തംബർ 25ന് കളമശേരിയിലും ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. കളമശേരിയിൽ കല്ലെറിഞ്ഞ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ ആർപിഎഫ് പിടികൂടുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |