തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാൻ ആലോചന. 200 രൂപ കൂട്ടി പ്രതിമാസം 1800 രൂപയാക്കണമെന്ന നിർദ്ദേശമാണ് ധനവകുപ്പ് പരിഗണിക്കുന്നത്. പെൻഷൻ വര്‍ദ്ധനവടക്കം വിവിധ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുമെന്നാണ് വിവരം.
കേരളത്തിലെ 60 ലക്ഷം പേരിലേക്കാണ് ക്ഷേമപെൻഷൻ നേരിട്ടെത്തുന്നത്. ഘട്ടം ഘട്ടമായി പെൻഷൻ 2500 രൂപയാക്കി കൂട്ടുമെന്നത് ഇടതുമുന്നണി സർക്കാരിന്റെ പ്രകടന പത്രികയിലെ വലിയ വാഗ്ദാനങ്ങളിലൊന്നാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് 2021ലാണ് അവസാനമായി പെൻഷൻ കൂട്ടി 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിന്നീട് വർദ്ധനവൊന്നും ഉണ്ടായിരുന്നില്ല.
ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് വരാനിരിക്കെ പെൻഷൻ കൂട്ടുന്ന പ്രഖ്യാപനത്തിന് ധനവകുപ്പിൽ ഒരുക്കം നടക്കുന്നത്. 200 രൂപയെങ്കിലും കൂട്ടി പെൻഷൻ 1800 രൂപയാക്കാനുള്ള നിര്‍ദ്ദേശം വകുപ്പിന്റെ സജീവ പരിഗണനയിലാണ്. ഇതോടൊപ്പം ഒരു മാസത്തെ കുടിശിക തീർത്ത് കൊടുക്കാനുള്ള തീരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലുംആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വർദ്ധനയിലും നിര്‍ണായക പ്രഖ്യാപനങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |