പാലക്കാട്: അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം. കൃഷ്ണസ്വാമി എന്നയാളാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കൈവശമുള്ള ഭൂമിക്ക് തണ്ടപ്പേര് ലഭിക്കാനായി കൃഷ്ണസ്വാമി മാസങ്ങളോളം സിവിൽ സ്‌റ്റേഷനിൽ കയറിയിറങ്ങിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ തിരിച്ചയക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. അഗളി മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
'മൂന്ന് ദിവസം കൊണ്ട് കൊടുക്കേണ്ട സാധനം ഒരു വർഷം കൊണ്ടാണ് ഉദ്യോഗസ്ഥർ ചെയ്തുകൊടുക്കുന്നത്. കാശുള്ളവന് മാത്രമാണ് ഇവിടെ ഓരോന്നും ചെയ്തുകൊടുക്കുന്നത്.'- പ്രതിഷേധക്കാരിലൊരാൾ പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ അടക്കമുള്ളവർ ഉടൻ സ്ഥലത്തെത്തിയേക്കും. ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചുകൊണ്ട് മിനി സിവിൽ സ്‌റ്റേഷന്റെ ഗേറ്റിന് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ഗേറ്റ് ചാടിക്കടക്കാനുള്ള ശ്രമം പൊലീസുകാർ തടഞ്ഞു.
അതേസമയം, അട്ടപ്പാടിയിലെ വില്ലേജ് ഓഫീസിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് കൃഷ്ണസ്വാമിയുടെ കുടുംബം ആരോപിച്ചു. വില്ലേജ് ഓഫീസിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ഭൂമാഫിയകളിൽ നിന്ന് കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ മനഃപൂർവം തണ്ടപ്പേരുകൾ തിരുത്തുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |