
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മുൻ ഡ്രൈവർ നേമം സ്വദേശി യദുവിനെ ബസ് തടഞ്ഞ് ആക്രമിച്ചെന്ന കേസിൽ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ സച്ചിൻ ദേവ്, മേയറുടെ സഹോദരന്റെ ഭാര്യ ആര്യ, സുഹൃത്ത് രാജീവ് എന്നിവരെ ഒഴിവാക്കി പൊലീസ് കുറ്റപത്രം.
മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് നിലവിൽ പ്രതി. കാർ ഓടിച്ചിരുന്ന അരവിന്ദ്, ബസിനെ തടയാൻ സീബ്രാ ക്രോസിംഗിന് മുകളിൽ കാർ നിറുത്തിയെന്നാണ് കേസ്. ആദ്യം മുതൽ ഈ വിഷയത്തിൽ കേസ് എടുക്കാൻ പോലീസ് വിമുഖത കാണിച്ചിരുന്നു. യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച കോടതി നേരിട്ട് കേസ് എടുക്കാൻ നിർദ്ദേശിച്ചത് അനുസരിച്ചാണ് കന്റോൻമെന്റ് പൊലീസ് കേസെടുക്കാൻ പോലും തയ്യാർ ആയത്.
2024 ഏപ്രിൽ 27ന് രാത്രി 10ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ വച്ച് മേയറും ഭർത്താവും അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന കാർ കെ.എസ്.ആർ.ടി.സി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തർക്കമുണ്ടായെന്നുമാണ് കേസ്.
എന്നാൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അരവിന്ദ് ഒഴികെയുള്ളവരെ ഒഴിവാക്കിയതെന്നാണ് പൊലീസ് പറയുന്നത്. പട്ടം മുതൽ ഇരുകൂട്ടരും തമ്മിൽ പ്രശ്‌നമുണ്ടായതായും പി.എം.ജി ഭാഗത്തെത്തിയപ്പോൾ യദു, കാറിലിരുന്ന സ്ത്രീകളെ നോക്കി അശ്ളീല ആംഗ്യം കാണിച്ചെന്നുമാണ് പൊലീസ് പറയുന്നത്.ഇതിന്റെ കുറ്റപത്രം ഉടൻ സമർപ്പിക്കും.
മേയറെയടക്കം പ്രതി ചേർക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പുതിയ ഹർജിയിൽ തന്നോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നകണ്ടക്ടർ മാണിക്കൽ കട്ടക്കൽ കൊപ്പം ലൈല മൻസിലിൽ സുബിനെ കൂടി പ്രതിയാക്കണം എന്നാണ് യദുവിന്റെ ആവശ്യം. സുബിനാണ് ബസ്സിൽ ഉണ്ടായിരുന്ന മെമ്മറി കാർഡ് മേയർ അടക്കമുള്ള പ്രതികളുടെ സമ്മർദ്ദത്തെ തുടർന്ന് നശിപ്പിച്ചതെന്നാണ് യദുവിന്റെ ആരോപണം. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് ആണ് കേസ് പരിഗണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |