
തിരുവനന്തപുരം: 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ കുടിയേറിയ അർഹരായവർക്ക് കൈവശാവകാശം ലഭ്യമാക്കുന്നതിനായി നടത്തുന്ന പരിശോധനയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതായി ആക്ഷേപം. റവന്യു വകുപ്പുമായി ചേർന്നുള്ള പരിശോധനയിൽ വനം ഉദ്യോഗസ്ഥരുടെ വിയോജിപ്പുകൾ അംഗീകരിക്കുന്നില്ലെന്നും ആരോപണം. തർക്കം ഉയർന്നതോടെ കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലെ വനം ഉദ്യോഗസ്ഥർ ജില്ലാ കളക്ടർമാർക്ക് പരാതി നൽകി.
വനം വകുപ്പ് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ പരിഹരിക്കാതെ പട്ടയം അനുവദിച്ചാൽ കോടതി വ്യവഹാരങ്ങൾക്കിടയാക്കും. പട്ടയത്തിനായുള്ള അപേക്ഷകളിൽ ഡിസംബർ 30ന് മുമ്പ് തഹസിൽദാർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ സംയുക്ത പരിശോധന പൂർത്തിയാക്കാനാണ് നിർദ്ദേശം. വില്ലേജ് ഓഫീസർ/ പ്രതിനിധി, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ, സർവേയർ, ചെയിൻമാൻ എന്നിവരാണ് സംഘത്തിലുള്ളത്.
59,000 അപേക്ഷകളാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ പത്തനാപുരം, പുനലൂർ, കൊട്ടാരക്കര താലൂക്കുകളിലായുള്ള 6525 അപേക്ഷകൾ പരിശോധിക്കാനുള്ള 12 സംഘങ്ങളിൽനിന്ന് വനം ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്നാണ് പരാതി. പത്തനംതിട്ട റാന്നി, കോന്നി താലൂക്കിലെയും തൃശൂർ ജില്ലയിലെയും പരിശോധനകളിലും വിയോജിപ്പുണ്ട്. തിരുവനന്തപുരത്ത് പരിശോധന തുടങ്ങിയിട്ടില്ല. അതേസമയം, റവന്യു ഭൂമികളിലെ പരിശോധനയിൽ മാത്രമാണ് വനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താത്തതെന്നാണ് റവന്യു വകുപ്പ് അധികൃതരുടെ വാദം.
അസാധുവാകുമെന്ന്
കൊല്ലത്ത് പുനലൂർ- ചെങ്കോട്ട ഹൈവേ, റെയിൽവേ, പവർഗ്രിഡ് ലൈൻ എന്നിവയ്ക്കായി ഏറ്റെടുത്ത ഭൂമിയിലും വനഭൂമിയിലുമുള്ള പരിശോധനകളാണ് നടക്കുന്നത്. ജണ്ട കെട്ടിത്തിരിച്ചതും അല്ലാത്തതുമായ ഭൂമിയിലുള്ള വനം കൈയേറ്റവും ഇതിലുണ്ട്. വനം ഉദ്യോഗസ്ഥരില്ലാതെ പരിശോധന പൂർത്തിയാക്കാനാവില്ല. അങ്ങനെയുള്ളവ അസാധുവാകുമെന്നാണ് ആക്ഷേപം. അതേസമയം, തിരഞ്ഞെടുപ്പ് കാലത്തെ പരിശോധനയ്ക്കെതിരെ പത്തനാപുരം മാങ്കോട്, ആര്യങ്കാവ്, പുനലൂർ, റാന്നി എന്നിവിടങ്ങളിൽ കോൺഗ്രസും ബി.ജെ.പിയുമടക്കം രംഗത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |