തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരേ ക്രൈംബ്രാഞ്ചിന് മന്ത്രി കെ.രാജന്റെ മൊഴി.
പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പൂരത്തിനിടെ പ്രശ്നങ്ങളുണ്ടായപ്പോൾ എഡിജിപിയെ പലവട്ടം ഫോണിൽ വിളിച്ചിട്ട് എടുത്തില്ല. പൂര ദിവസം രാവിലെ മുതൽ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നു മോശം ഇടപെടലുണ്ടായി. പ്രശ്നങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് നേരത്തേ അറിയിച്ചിരുന്നിട്ടും എഡിജിപി ഇടപെടാതിരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാവാണെന്നും ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന ഡി.ഐ.ജി തോംസൺ ജോസിന് മന്ത്രി മൊഴി നൽകി.
പൊലീസ് മേധാവിയായിരുന്ന ഷേഖ് ദർവേഷ് സാഹിബിനും മന്ത്രി രാജൻ നേരത്തേ സമാനമായ മൊഴി നൽകിയിരുന്നു. ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഏതാനും ദിവസം മുമ്പ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. അജിത്തിന്റെ മൊഴിയെടുത്ത ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി ഈമാസം റിപ്പോർട്ട് നൽകിയേക്കും. പൂരം നടത്തിപ്പിന്റെ സുരക്ഷാ ഏകോപനത്തിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും എഡിജിപിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഡിജിപിയുടെ റിപ്പോർട്ടിലുള്ളത്. അതേസമയം, താൻ ഉറങ്ങിപ്പോയതിനാലാണ് മന്ത്രിയുടെ ഫോൺ എടുക്കാൻ കഴിയാത്തതെന്നും പിറ്റേന്നാണ് വിവരങ്ങൾ അറിഞ്ഞതെന്നുമാണ് അജിത്കുമാർ ഡിജിപിക്ക് മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |