പുരാവസ്തു തട്ടിപ്പ്: ലക്ഷ്‌മണിന് മുൻകാല പ്രാബല്യത്തോടെ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം

Thursday 07 May 2026 12:42 AM IST

തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ 'വ്യാജ പുരാവസ്തു' കച്ചവടത്തിൽ പങ്കാളിയായെന്നും പൊലീസിന്റെ അധികാരമുപയോഗിച്ച് ഒത്താശ ചെയ്തെന്നും കണ്ടെത്തിയതിനെത്തുടർന്ന് 2വട്ടം സസ്പെൻഷനിലായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം. 2022 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സ്ഥാനക്കയറ്റം. 1997ബാച്ച് ഐ.പി.എസുദ്യോഗസ്ഥനായ ലക്ഷ്മണിന്റെ സ്ഥാനക്കയറ്റം കേസിനെത്തുടർന്ന് തടഞ്ഞിരുന്നു. ലക്ഷ്മണിനെതിരേ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ ശാസന നൽകിയിരുന്നു. ഗുരുതര പെരുമാറ്റ ദൂഷ്യത്തിന് ഐ.ജിക്കെതിരെ ശക്തമായ അച്ചടക്ക നടപടിയെടുക്കാൻ പൊലീസ് മേധാവി ശുപാർശ നൽകിയിരുന്നു. തട്ടിപ്പു കേസിൽ നാലാം പ്രതിയാക്കിയ ലക്ഷ്‌മണിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. തെലങ്കാന സ്വദേശിയായ ലക്ഷമൺ ആന്ധ്രക്കാരിയെ ഇടനിലക്കാരിയാക്കി 'വ്യാജപുരാവസ്തുക്കൾ' വിറ്റഴിക്കാൻ ശ്രമിച്ചെന്നും പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്നും വ്യാജപുരാവസ്തുക്കൾ പൊലീസുകാരെക്കൊണ്ട് തിരുവനന്തപുരത്ത് പൊലീസ് ക്ലബിൽ എത്തിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്വർണബൈബിൾ,ഗണേശവിഗ്രഹം,ഖുറാൻ,രത്നങ്ങൾ തുടങ്ങിയവയുടെ വില്പനയ്ക്ക് ശ്രമിച്ചെന്നും കണ്ടെത്തി. ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി സ്ഥിരമായി മോൻസണിന്റെ വീട്ടിലെത്തിയെന്നും പ്രതിയായ ശേഷവും മോൻസണുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയെന്നും കണ്ടെത്തിയായിരുന്നു സസ്പെൻഷൻ.