പൊലീസ് തടയാൻ ശ്രമിച്ചപ്പോൾ അപകടം; പരിക്കേറ്റ യുവാവിനെ റോഡിലുപേക്ഷിച്ച് ഉദ്യോഗസ്ഥർ കടന്നുകളഞ്ഞെന്ന് ആരോപണം
ആലപ്പുഴ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് പൊലീസ് സംഘം കടന്നു കളഞ്ഞതായി ആരോപണം. ഇന്ന് പുലർച്ചെ നാലിന് ചെല്ലാനം റോഡിലായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബൈക്കിൽ വന്ന യുവാക്കളെ പൊലീസ് തടയാൻ ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കണ്ണമ്മാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരിക്കേറ്റു. എന്നാൽ, യുവാക്കളെ റോഡിൽ ഉപേക്ഷിച്ച് പരിക്കേറ്റ ഉദ്യോഗസ്ഥനുമായി പൊലീസ് സംഘം കടന്നു കളഞ്ഞെന്നാണ് ആരോപണം. യുവാക്കളിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ആലപ്പുഴ കെമ്മാടി സ്വദേശി അനിൽ(27), സുഹൃത്ത് രാജൻ (27) എന്നീ ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. മൂക്കിനും കാലിനും ഗുരുതരമായി പരിക്കേറ്റ അനിലിനെ സുഹൃത്ത് ബൈക്കിൽ കെട്ടിവച്ചാണ് 22 കിലോമീറ്റർ അകലെയുള്ള ചെട്ടികാട് ഗവ ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്നും ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.