കൊച്ചി: അരിക്കൊമ്പന്റെ വലതു കണ്ണിന് ഭാഗികമായി കാഴ്‌ചയില്ലെന്ന് വനംവകുപ്പിന്റെ ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി പെരിയാർ കടുവാസങ്കേതത്തിലേക്ക് മാറ്റിയ നടപടികൾ വ്യക്തമാക്കി സമർപ്പിച്ച റിപ്പോർട്ടിലാണിത്.
അരിക്കൊമ്പനെ പിടികൂടുമ്പോൾ രണ്ടു ദിവസം പഴക്കമുള്ള ഒരു മുറിവ് തുമ്പിക്കൈയുടെ മുൻവശത്ത് താഴെയായി കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റതാവാം. ഇതിനു ചികിത്സ നൽകിയാണ് കാട്ടിലേക്ക് വിട്ടത്. പെരിയാർ കടുവാ സങ്കേതത്തിൽ കോക്കാറ ഗേറ്റിൽ നിന്ന് 18 കിലോമീറ്റർ അകത്ത് ഉൾവനത്തിലാണ് ഇറക്കിവിട്ടത്. മേയ് 30 ന് പുലർച്ചെ 5.10 നാണ് അരിക്കൊമ്പൻ മയക്കം വിട്ടുണർന്നത്. 5.15 ന് അതിവേഗം ഉൾക്കാട്ടിലേക്ക് പോയി. റേഡിയോ കോളറിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് വിശദീകരിച്ചു.
ഏറെദൂരം സഞ്ചരിക്കുന്ന അരിക്കൊമ്പൻ ചിന്നക്കനാൽ മേഖലയിലേക്ക് മടങ്ങിയെത്തുന്നതു തടയണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അരിക്കൊമ്പനെ പിടികൂടി ആനക്കൂട്ടിലേക്ക് മാറ്റുന്നതിനെതിരെ തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽസ് ഉൾപ്പെടെ നൽകിയ ഹർജികളിലാണ് വനം വകുപ്പ് റിപ്പോർട്ടു നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |