പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു 18,19 തീയതികളിൽ ശബരിമലയിലെത്തിയേക്കും. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഒരുക്കങ്ങൾ ആരംഭിച്ചു. ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും, എന്നാൽ മുന്നൊരുക്കങ്ങൾ നടത്തുകയാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർക്ക് ദർശനത്തിനുള്ള 18, 19 ലെയും വെർച്വൽ ക്യു സിസ്റ്റം നിറുത്തിവെച്ചിട്ടുണ്ട്. നിലയ്ക്കൽ മുതൽ ചാലക്കയം വരെ പൊതുമരാമത്ത് വകുപ്പും ചാലക്കയം മുതൽ പമ്പാ ത്രിവേണി വരെ ദേവസ്വം ബോർഡും റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. സന്നിധാനത്ത് ദേവസ്വം ഗസ്റ്റ് ഹൗസിൽ കൂടുതൽ സൗകര്യവും സുരക്ഷയുമുള്ള രണ്ട് മുറികളുടെ നിർമ്മാണം ആരംഭിച്ചു. പമ്പയിലും ശരണപാതയിലും സന്നിധാനത്തും ശുചീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും ദ്രുതഗതിയിലാണ് . 18ന് തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതി 19ന് ഉച്ചയ്ക്കു ശേഷം മടങ്ങുമെന്നാണ് അനൗദ്യോഗിക അറിയിപ്പ്.
രാഷ്ട്രപതി ശബരിമലയിലെത്തുമെന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. കേന്ദ്രസേന സന്നിധാനത്തെത്തി സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ചിരുന്നു. രാഷ്ട്രപതി എത്തിയാൽ സുരക്ഷയും താമസസൗകര്യവും ഒരുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമാണ്. പൊലീസിന്റെ നിർദ്ദേശമനുസരിച്ചാണ് ഈ ദിവസങ്ങളിൽ വെർച്വൽക്യൂ ബുക്കിംഗ് ഒഴിവാക്കിയത്.
-അഡ്വ.എ.അജികുമാർ
മെമ്പർ, തിരു. ദേവസ്വം ബോർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |