പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തുന്ന ആദ്യ രാഷ്ട്രപതിയായ ദ്രൗപദി മുർമു പമ്പയിൽ നിന്ന് ഇരുമുടിക്കെട്ടുമേന്തി നടന്നുതന്നെ മല കയറുമെന്ന് സൂചന. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സന്നിധാനത്ത് ഹെലിപാഡ് നിർമ്മിച്ച് നേരിട്ട് ഇറങ്ങാൻ സുരക്ഷാ വിഭാഗം പദ്ധതിയിടുകയും എതിർപ്പ് കാരണം പിൻമാറുകയും ചെയ്തിരുന്നു.
അറുപത്തിയാറു വയസ് പിന്നിട്ട രാഷ്ട്രപതി ദ്രൗപദി മുർമു കുമരകത്ത് നിന്ന് നിലയ്ക്കലാണ് ഹെലികോപ്ടറിൽ വന്നിറങ്ങുന്നത്. കാറിൽ പമ്പയിൽ എത്തിയാവും ഇരുമുടിക്കെട്ട് നിറയ്ക്കുന്നത്. സന്നിധാനത്ത് ദേവസ്വം ഗസ്റ്റ് ഹൗസിലോ, ശബരി ഗസ്റ്റ് ഹൗസിലോ ആയിരിക്കും താമസം. ദർശനം നടത്തുന്ന സമയം വ്യക്തമാക്കിയിട്ടില്ല. 18നും 19നും രാഷ്ട്രപതി ശബരിമലയിലുണ്ടാകുമെന്ന് ജില്ലാ കളക്ടർക്കും പൊലീസിനും രാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഇടവമാസ പൂജയ്ക്ക് ഈ മാസം 14ന് വൈകിട്ടാണ് നട തുറക്കുന്നത്. 19ന് രാത്രി പത്തിന് അടയ്ക്കും.
മറ്റു തീർത്ഥാടകർക്ക് ബുദ്ധിമുട്ട് കുറയ്ക്കാനാണ് അവസാനത്തെ രണ്ടു ദിവസം തിരഞ്ഞെടുത്തത്. ഈ രണ്ടു ദിവസവും തീർത്ഥാടകർക്ക് വെർച്വൽ ക്യൂ അനുവദിക്കുന്നതിൽ നിയന്ത്രണമുണ്ടാവും. മറ്റു ദിവസങ്ങളിൽ യാതൊരു തടസവും ഉണ്ടാവില്ല.
നീലിമല, അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാതയും സ്വാമി അയ്യപ്പൻ റോഡും കേന്ദ്ര സുരക്ഷാ ഏജൻസികൾ പരിശോധിച്ചു. ഡോളി, എമർജൻസി വാൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. മലകയറുന്നത് ഏതു പാതയിലൂടെയെന്ന് പിന്നീടേ വെളിപ്പെടുത്തൂ.
തീർത്ഥാടന കാലത്തേതു പോലെ വിവിധ പോയിന്റുകളിൽ ഓക്സിജൻ, കാർഡിയാക് സംവിധാനങ്ങളുള്ള എമർജൻസി മെഡിക്കൽ റൂമുകളും വിശ്രമ കേന്ദ്രങ്ങളും സജ്ജമാക്കും. ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങുന്ന ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ നടക്കും. പൊലീസ്, ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്.
`തയ്യാറെടുപ്പ് നടത്താൻ രാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് നിർദേശിച്ചിട്ടുണ്ട്. ഇന്ന് ആരോഗ്യ, ദേവസ്വം വകുപ്പുകളുടെ യോഗം വിളിച്ചിട്ടുണ്ട്'.
-എസ്. പ്രേം കൃഷ്ണൻ,
ജില്ലാ കളക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |