
വെള്ളറട (തിരുവനന്തപുരം): അമ്പൂരിയിലെ ഗോത്രവർഗ്ഗ ജനതയുടെയും മലയോര നിവാസികളുടെയും പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസും മന്ത്രിമാരായ കെ.എൻ ബാലഗോപാലും ഒ.ആർ കേളുവും അടക്കമുള്ള ജനപ്രതിനിധികൾ സംബന്ധിച്ചു.
നെയ്യാർ ഡാം വന്നതോടെ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടുപോയ തൊടുമല, കാരിക്കുഴി തുടങ്ങി 11 ആദിവാസി ഊരുകളിലെ 1700-ലധികം കുടുംബങ്ങൾക്ക് ഇനി സുരക്ഷിതമായി മറുകരയെത്താം. കിഫ്ബി വഴി 24 കോടി രൂപ ചെലവഴിച്ചാണ് പാലം യാഥാർഥ്യമാക്കിയത്.
കേരളത്തിൽ ഒരു ഡാം റിസർവോയറിന് കുറുകെ നിർമ്മിക്കുന്ന ഏറ്റവും വലിയ പാലമെന്ന സവിശേഷതയും കുമ്പിച്ചൽകടവ് പാലത്തിനുണ്ട്. അപ്രോച്ച് റോഡുകൾക്ക് പുറമെ പഴയ കടവിലേക്ക് ഇറങ്ങുന്നതിനായി നാലു മീറ്റർ വീതിയുള്ള പ്രത്യേക സർവീസ് റോഡും സജ്ജീകരിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി തോണിയെ മാത്രം ആശ്രയിച്ചിരുന്ന ജനതയ്ക്ക് ഈ പാലം വലിയൊരു ആശ്വാസമാകും.
അമ്പൂരിയിലെ ടൂറിസം സാധ്യതകൾക്കും പാലം പുതിയ വാതിലുകൾ തുറക്കും. മലയോര മേഖലയുടെ സാമ്പത്തിക ഉന്നമനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തോണി അപകടങ്ങളുടെ ഭയമില്ലാതെ വിദ്യാർത്ഥികൾക്കും രോഗികൾക്കും കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |