
ക്രൂഡോയിൽ വില താഴേക്ക്
കൊച്ചി: ആഗോള തലത്തിൽ നിക്ഷേപകർക്ക് ആശ്വാസം പകർന്ന് പശ്ചിമേഷ്യയിൽ സമാധാന അന്തരീക്ഷം ഒരുങ്ങുന്നു. ഇതോടെ ഇന്ത്യൻ സാമ്പത്തിക മേഖലയിലും പ്രതീക്ഷകൾ ശക്തമായി. ഇറാനും അമേരിക്കയുമായി വീണ്ടും ചർച്ചകൾ തുടങ്ങിയതോടെ ഡോളർ ദുർബലമാകുന്നതും ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതുമാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ആശ്വാസമാകുന്നത്. ഇന്നലെ ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 98 ഡോളറിലേക്ക് താഴ്ന്നു. റിസർവ് ബാങ്ക് വിപണിയിൽ ശക്തമായ ഇടപെടൽ നടത്തുന്നതിനാൽ നടപ്പുവാരം രൂപയുടെ മൂല്യവും മെച്ചപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഇറാന്റെ തുറമുഖങ്ങൾക്കും ഹോർമുസ് കടലിടുക്കിനുമുള്ള അമേരിക്കൻ ഉപരോധം തുടരുകയാണെങ്കിലും സമാധാന കാലം ഉടൻ മടങ്ങിയെത്തുമെന്ന് നിക്ഷേപകർ കരുതുന്നു. ആഗോള ഓഹരി വിപണികളിലും ഇന്നലെ മികച്ച മുന്നേറ്റമുണ്ടായി. അംബേദ്ക്കർ ജയന്തി ആയതിനാൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ പ്രവർത്തിച്ചില്ല.
സ്വർണ വില കുതിക്കുന്നു
യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ഡോളറും യു.എസ് കടപ്പത്രങ്ങളും ദുർബലമായതോടെ സ്വർണ വില തിരിച്ചുകയറി. രാജ്യാന്തര വിപണിയിൽ സ്വർണ വില 80 ഡോളർ നേട്ടവുമായി ഔൺസിന് 4,780 ഡോളറിലേക്ക് തിരിച്ചുകയറി. ഇന്ധന വില കുറയുന്നതോടെ ലോകമൊട്ടാകെ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന് നേട്ടമായത്. കേരളത്തിൽ സ്വർണ വില ഇന്നലെ പവന് 1,080 രൂപ ഉയർന്ന് 1,12,880 രൂപയിലെത്തി. ഗ്രാമിന് വില 135 രൂപ വർദ്ധനയോടെ 14,110 രൂപയിലെത്തി.
വിദേശ നിക്ഷേപകർ തിരിച്ചെത്തിയേക്കും
പശ്ചിമേഷ്യ ശാന്തമാകുന്നതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയേക്കും. ഇറാൻ യുദ്ധത്തിന്റെ ആശങ്കയിൽ വിദേശ ഫണ്ടുകൾ 1,800 കോടി ഡോളറാണ്(1.68 ലക്ഷം കോടി രൂപ) ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചതും രൂപയുടെ മൂല്യത്തകർച്ചയുമാണ് വിദേശ ഫണ്ടൊഴുക്ക് ശക്തമാക്കിയത്. സാഹചര്യങ്ങൾ മാറുന്നതോടെ വിദേശ നിക്ഷേപകർ വർദ്ധിത ഊർജത്തോടെ മടങ്ങിയെത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു.
അമേരിക്കയിൽ പലിശ കുറഞ്ഞേക്കും
ക്രൂഡോയിൽ വിലയിൽ ആശ്വാസമുണ്ടായാൽ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ ഫെഡറൽ റിസർവ് പലിശ കുറച്ചേക്കും.നാണയപ്പെരുപ്പം ഉയർന്ന തലത്തിലായതിനാലാണ് ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിച്ചത്. അവിടെ പലിശ കുറഞ്ഞാൽ വിദേശ ഫണ്ടുകൾ ഇന്ത്യയിലേക്ക് തിരിച്ചെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |