
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻപ് നിതിൻ സുഹൃത്തിനയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കോളേജിൽ ചില അദ്ധ്യാപകർ തന്നെ സപ്പോർട്ട് ചെയ്‌തെന്നും നിതിൻ ഈ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
'അന്ന് എക്സാം ഹാളിൽ വന്ന പൊക്കം കുറഞ്ഞ സാർ ഇല്ലേ. അദ്ദേഹം നല്ല സപ്പോർട്ടായിരുന്നു. എന്തെങ്കിലും പ്രയാസം ഉണ്ടായാൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു. ആര് തളർത്തിയാലും ഡോക്ടറായിട്ടേ കോളേജിൽ നിന്ന് പുറത്തിറങ്ങൂ'- എന്നാണ് നിതിൻ പറയുന്നത്.
അതേസമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അദ്ധ്യാപകൻ ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്മെന്റ് യോഗത്തിൽ തീരുമാനിച്ചു. ഓറൽ പതോളജി വിഭാഗം മേധാവിയായ റാമിനെ നടപടിക്രമം പൂർത്തിയാക്കി വൈകാതെ പുറത്താക്കും. തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
റാം നടത്തിയ ജാതി അധിക്ഷേപമടക്കം നിതിനെ മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് ആരോപണം. നിതിന്റെ മരണത്തിനുമുൻപും റാമിനെതിരെ നിരവധി പരാതികളുയർന്നിരുന്നു. മരണത്തിനു പിന്നാലെ നിതിന്റെ സഹപാഠികളടക്കം റാമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റാമിനൊപ്പം ആരോപണവിധേയയായ അസോ. പ്രൊഫസർ ഡോ. സംഗീത നമ്പ്യാർക്കെതിരെ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് മാനേജ്‌മെന്റ് യോഗത്തിലെ ധാരണ. ഇരുവരും സസ്‌പെൻഷനിലാണ്. ജാതി അധിക്ഷേപം, ആത്മഹത്യാപ്രേരണ അടക്കം കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും മതിയായ തെളിവ് ശേഖരിച്ചശേഷം മാത്രം അറസ്റ്റെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതിനാൽ അറസ്റ്റ് വൈകിയേക്കും. ഇരുവരും കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |