തൃശൂർ വെടിക്കെട്ടുപുര ദുരന്തം: ഹൈക്കോടതി സ്വയം കേസെടുത്തു

Wednesday 20 May 2026 1:55 AM IST

കൊച്ചി: 16 പേർ മരിച്ച തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാത്പര്യ ഹർജിയായി പരിഗണിക്കുന്ന കേസിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. ശ്യാംകുമാർ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിന്റെയും പൊലീസ് മേധാവിയുടെയും സ്‌ഫോടകവസ്‌തു വകുപ്പിന്റെയും വിശദീകരണം തേടി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും നോട്ടീസുണ്ട്.

ഏപ്രിൽ 21നാണ് തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി തയ്യാറാക്കിയ വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചത്. സ്‌ഫോടക വസ്‌തുക്കൾ കൈകാര്യം ചെയ്‌തതിലും നിയമം നടപ്പാക്കുന്നതിലും വീഴ്‌ചയുണ്ടായോ, മുൻ ഉത്തരവുകളുടെ ലംഘനമുണ്ടായോ തുടങ്ങിയവയാണ് കോടതി പരിശോധിക്കുന്നത്. ഹർജി വീണ്ടും ജൂൺ 16ന് പരിഗണിക്കും. വെടിക്കെട്ടുപുരയിൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെന്ന പരാതികളും പത്രറിപ്പോർട്ടുകളും പരിഗണിച്ച് ചീഫ് ജസ്റ്റിസിന്റെ ഉത്തരവുപ്രകാരമാണ് കോടതി കേസെടുത്തത്.