പള്ളികളിൽ പരിചയമില്ലാത്തവരെ കണ്ടാൽ ശ്രദ്ധിക്കുക; പൊലീസ് നൽകുന്ന വിവരം
കോഴിക്കോട്: വടക്കൻ കേരളത്തിലെ പള്ളിക്കമ്മിറ്റികൾ കേന്ദ്രീകരിച്ച് മോഷണസംഘം ഇറങ്ങിയിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം. കഴിഞ്ഞ കുറച്ചുനാളുകളായി കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിൽ തുടർച്ചയായി മോഷണം നടക്കുന്നുണ്ട്. ഇത്തരം മോഷണങ്ങൾ യാദൃശ്ചികമല്ലെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
പള്ളികളിൽ നിന്ന് ഉപകരണങ്ങൾ അപഹരിക്കുക, മേശയും അലമാരയും കുത്തിത്തുറന്ന് പണം കൈക്കലാക്കുക തുടങ്ങിയ അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇൻവെർട്ടർ, ബാറ്ററി, ഉച്ചഭാഷിണിയോട് അനുബന്ധിച്ചുള്ള ആംപ്ലിഫയർ തുടങ്ങിയവ മോഷണം പോയവയിൽ ഉൾപ്പെടുന്നു. മുക്കം നോർത്ത് കാരശേരിയിലെ ജുമാ മസ്‌ജിദിൽ രണ്ടാഴ്‌ച മുൻപും ബാറ്ററി മോഷണം പോയിരുന്നു.
നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന പള്ളികളാണ് മോഷ്‌ടാക്കൾ ലക്ഷ്യം വയ്‌ക്കുന്നത്. രാവിലെ കണ്ടുവയ്‌ക്കുന്ന പള്ളികളിൽ ഉച്ചയ്‌ക്ക് ശേഷവും രാത്രികാലങ്ങളിലും മോഷണം നടത്തും. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പള്ളികളിൽ പരിചയമില്ലാത്തവരെ കണ്ടാൽ ആരും സംശയിക്കാത്തതാണ് മോഷ്‌ടാക്കൾക്ക് അനുകൂലമാകുന്നത്. മോഷ്‌ടാക്കളെ കണ്ടാലും ജോലിക്കെത്തിയ അതിഥിതൊഴിലാളികളാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ഇവർക്ക് കഴിയുന്നു. കാരാളിപ്പറമ്പ് റഹ്മാനിയ ജുമാമസ്‌ജിദിൽ പട്ടാപ്പകലാണ് മോഷണം നടന്നത്. സിസിടിവി ഇല്ലാത്ത പള്ളികളിലാണ് കൂടുതൽ മോഷണങ്ങളും നടന്നിട്ടുള്ളതെന്ന കാര്യവും പ്രധാനപ്പെട്ടതാണ്.
വിവിധസ്ഥലങ്ങളിലായി നിരവധി മോഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും മിക്കതിന്റെയും കവർച്ചാരീതി സമാനമാണ്. ഇതാണ് കവർച്ചയ്‌ക്ക് പിന്നിൽ ഒരേ സംഘമാണെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്. യാതൊരുവിധത്തിലുള്ള തുമ്പും അവശേഷിപ്പിക്കാതെയാണ് മിക്ക മോഷണങ്ങളും നടത്തിയിരിക്കുന്നത്.