ചെന്നിത്തല എത്തുമ്പോൾ അടിമുടി മാറാൻ പൊലീസ്
ആലപ്പുഴ: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊള്ളപ്പലിശക്കാർക്കും ലഹരി മാഫിയയ്ക്കും മൂക്കുകയറിട്ടത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾക്ക് നേതൃത്വം കൊടുത്ത രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായെത്തുമ്പോൾ ശുഭപ്രതീക്ഷയിലാണ് കേരളം. ക്രമസമാധാന പാലനവും കുറ്റാന്വേഷണവും കുറ്റമറ്റതാക്കാനും ഗുണ്ടാ വിളയാട്ടത്തിനും സൈബർ തട്ടിപ്പുകൾക്കും ലഹരി ഇടപാടുകൾക്കും പോക്സോ കുറ്റകൃത്യങ്ങൾക്കും അറുതി വരുത്താനും ഉതകുന്ന സമഗ്ര നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായ പാളിച്ചകൾ പരിഹരിച്ച് സേനയെ അടിമുടി അഴിച്ചുപണിയാനും കാലോചിതമായ പരിഷ്കാരം നടപ്പാക്കാനും ഭരണപരിചയവും നേതൃപാടവവും തുണയാകും. 2014 മുതൽ 2016 വരെയാണ് ചെന്നിത്തല ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രിയായിരുന്നത്. കുറ്റകൃത്യങ്ങൾ തടയാനും ക്രമസമാധാനം ഉറപ്പാക്കാനുമായി അദ്ദേഹം ഒട്ടനവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും കൊള്ളപ്പലിശ സംഘങ്ങൾക്കും അനധികൃത പണം ഇടപാടുകൾക്കും തടയിടാനുപകരിച്ച ഓപ്പറേഷൻ കുബേരയായിരുന്നു അതിൽ പ്രധാനം.
ലഹരി വിപത്തിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാനായി നടപ്പിലാക്കിയ പദ്ധതിയായിരുന്നു "ക്ളീൻ കാമ്പസ്, സേഫ് കാമ്പസ് ". കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിൽ ലഹരിവസ്തുക്കളുടെ ദുരുപയോഗവും മറ്റ് അനുചിതമായ സാമൂഹിക പെരുമാറ്റവും തടയാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതിയാണിത്. ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ലഹരിക്കെതിരെ 12-ാം ക്ലാസുവരെയുള്ള ബോധവത്കരണമുൾപ്പെടെയുള്ള നടപടികളാണ് ദീർഘകാല കാമ്പയിനിൽ ആവിഷ്കരിച്ചത്.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പൊലീസ് വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയതും സ്ത്രീ സുരക്ഷാ നടപടികളുടെ ഭാഗമായി വനിതാ പൊലീസുകാരുടെ പങ്കാളിത്തം വർദ്ധിപ്പിച്ചതും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതും അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്.
സ്റ്റേഷൻ ഭരണം എസ്.ഐമാർക്ക്
സ്റ്റേഷൻ ഹൗസ് ഓഫീസർ പദവി മുതൽ സമഗ്രമായ പൊളിച്ചെഴുത്ത് സേനയിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. എസ്. എച്ച്.ഒ സംവിധാനം ഉടച്ച് വാർത്ത് സ്റ്റേഷൻ ഭരണം എസ്.ഐമാർക്ക് നൽകി പഴയ സർക്കിൾ സംവിധാനം തിരികെ കൊണ്ടുവന്നേക്കും. പ്രതിവർഷം 3,000 എഫ്.ഐ.ആർ ഉള്ള സ്റ്റേഷനുകളിൽ മാത്രമാകും ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസറായി തുടരുക. പുനർവിന്യസിക്കുന്ന ഉദ്യോഗസ്ഥരെ ലഹരി, പോക്സോ, സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി നിയോഗിച്ചേക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് കർമ്മ പദ്ധതി ആവിഷ്കരിക്കുമെന്നാണ് വിവരം.