തിരുവനന്തപുരം:കേരളത്തിന് അർഹതപ്പെട്ട എയിംസും നഴ്സിംഗ് കോളേജുകളും ഉൾപ്പെടെ കേന്ദ്രം നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ആശുപത്രിയുടെ ഭാഗമായ ശ്രീശാരദാ കോളേജ് ഓഫ് നഴ്സിംഗിന് നെട്ടയത്ത് നിർമിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.157 നഴ്സിംഗ് കോളേജുകൾ രാജ്യത്ത് അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നും ലഭിച്ചില്ല.എയിംസിനുള്ള അർഹത സംസ്ഥാനം ഓരോ വർഷവും ആവശ്യപ്പെടുന്നുണ്ടെങ്കിലും ലഭിക്കുന്നില്ല.എന്നാൽ ആരോഗ്യമേഖലയിൽ കേരളം പുറകോട്ട് പോകുന്നില്ല.കേരളത്തിലെ നഴ്സുമാർക്ക് ലോകത്താകെ അവസരങ്ങൾ ലഭിക്കുന്നു.സ്‌നേഹം,കാരുണ്യം, മനുഷ്യത്വപൂർണമായ പരിചരണം എന്നിവയാണ് നഴ്സുമാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.നിപ,കൊവിഡ് എന്നിവയുടെ കാലത്ത് ജീവൻ പണയപ്പെടുത്തി നഴ്സുമാർ പ്രവർത്തിച്ചു.നിപയിൽ ജീവൻ ത്യജിച്ച സിസ്റ്റർ ലിനി ത്യാഗത്തിന്റെ പ്രതീകമാണ്. തൊഴിലിനപ്പുറം നഴ്സിംഗിനെ സേവനമായി കാണുന്ന സംസ്‌ക്കാരം കേരളത്തിലുണ്ട്.രാമകൃഷ്ണപരമഹംസനും സേവനമനോഭാവത്തോടെ സമൂഹത്തിൽ ഇടപെട്ട ശാരദാദേവിയും ജീവകാരുണ്യത്തിന്റെ പ്രതീകങ്ങളാണ്. ആതുരസേവന രംഗത്ത് ശ്രീരാമകൃഷ്ണാശ്രമ സ്ഥാപനങ്ങൾ ആ പാത പിന്തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ കേന്ദ്രമന്ത്രി ജെ.പി.നദ്ദ ഓൺലൈൻ ശബ്ദസന്ദേശം നൽകി. രാമകൃഷ്ണമഠത്തിന്റെയും രാമകൃഷ്ണമിഷന്റെയും ആഗോള അദ്ധ്യക്ഷൻ സ്വാമി ഗൗതമാനന്ദജി മഹാരാജ് മുഖ്യപ്രഭാഷണം നടത്തി.വി.കെ.പ്രശാന്ത് എം.എൽ.എ, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ, രാമകൃഷ്ണ മിഷൻ ഡൽഹി സെക്രട്ടറി സ്വാമി സർവ്വലോകാനന്ദ,ശാസ്തമംഗലം മഠം അദ്ധ്യക്ഷൻ സ്വാമി മോക്ഷവ്രതാനന്ദ,നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.കൊച്ചുത്രേസ്യാമ്മ തോമസ്,വൈസ് പ്രിൻസിപ്പാൾ ഡോ.കുമാരി ഹരിപ്രിയ.ഒ.ബി കൗൺസിലർമാരായ പി.രമ,നന്ദ ഭാർഗവ് തുടങ്ങിയവർ പങ്കെടുത്തു.
മനുഷ്യസേവനമാണ് ദൈവാരാധന : സ്വാമി ഗൗതമാനന്ദ
മനുഷ്യ സേവനവും ശുശ്രൂഷയും ദൈവാരാധനയ്ക്ക് തുല്യമാണെന്ന് രാമകൃഷ്ണമഠത്തിന്റെയും രാമകൃഷ്ണമിഷന്റെയും ആഗോള അദ്ധ്യക്ഷന് സ്വാമി ഗൗതമാനന്ദ പറഞ്ഞു.സേവനവും ത്യാഗവുമാണ് മഠത്തിന്റെ തത്വം. സാധാരണക്കാരന് മരുന്നും സ്‌നേഹവും നല്കുന്ന പാരമ്പര്യം മഠത്തിനുണ്ട്.കൊൽക്കത്തയിൽ പ്ലേഗ് പടർന്നപ്പോൾ സ്വാമി വിവേകാനന്ദന്റെ നിർദ്ദേശപ്രകാരം സിസ്റ്റർ നിവേദിത രോഗീപരിചരണം നടത്തി. അദ്ദേഹത്തിന്റെ ശിഷ്യനായ നിശ്ചയാനന്ദ ഹരിദ്വാറിലും ഋഷികേശിലും ഭിക്ഷയെടുത്താണ് ആതുരസേവനം നടത്തിയത്.അദ്ദേഹം ഋഷികേശിൽ ഒരു ഷെഡിൽ സ്ഥാപിച്ച ആശുപത്രി ഇന്ന് 200 കിടക്കകളുള്ള ആശുപത്രിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |