പ്രതിരോധ രംഗത്ത് കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ ഇന്ത്യ ഏറെ മുന്നേറ്റമാണ് കാഴ്‌ചവച്ചത്. ലോകരാജ്യങ്ങളിൽ നിന്നും സംരക്ഷണത്തിനാവശ്യമായ ആയുധങ്ങളും സൈനിക വാഹനങ്ങളും വാങ്ങിയിരുന്നതാണ് ഇന്ത്യയുടെ പതിവെങ്കിൽ ഇപ്പോഴിതാ ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ വാങ്ങാൻ ലോകരാജ്യങ്ങൾ ഒന്നിനുപിറകെ ഒന്നായി എത്തുന്നു എന്നതാണ് അടുത്തകാലത്തെ പ്രത്യേകത. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഗ്രീസിൽ നടന്ന ഡിഫൻസ് എക്‌സിബിഷൻ ഏതൻസിൽ (ഡിഇഎഫ്ഇഎ) ഇന്ത്യ പ്രദർശിപ്പിച്ച ഒരു മിസൈൽ യൂറോപ്പിലെ നിരവധി നാറ്റോ സഖ്യ രാജ്യങ്ങളുടെ ശ്രദ്ധയെ ക്ഷണിച്ചു.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തയ്യാറാക്കിയ ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിൽ (എൽആർ-എൽഎസിഎം) ആണ് ലോകരാജ്യങ്ങളുടെ കണ്ണുടക്കിയത്. ലോംഗ് റേഞ്ച് കൃത്യമായ ആക്രമണങ്ങൾക്ക് ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ 1000 കിലോമീറ്റർ റേഞ്ച് എന്ന മികച്ച ദൂരം തന്നെ പുലർത്തുന്നതാണ് രാജ്യങ്ങൾക്ക് പ്രിയങ്കരമാകാൻ കാരണം. നിലവിൽ അമേരിക്കയുടെ ടോംഹക്ക് ക്രൂയിസർ മിസൈലാണ് ഇത്തരം ദൗത്യങ്ങൾക്ക് നാറ്റോ രാജ്യങ്ങൾ ഉപയോഗിക്കുന്നത്. റേഞ്ച് കുറവും ഏറെ വിലയേറിയതുമാണ് അമേരിക്കൻ മിസൈലുകൾ എന്നതാണ് ഇന്ത്യൻ മിസൈലിലേക്ക് യൂറോപ്യൻ രാജ്യങ്ങൾക്ക് താൽപര്യം തോന്നാൻ കാരണം.
നിലവിൽ ഇന്ത്യയുടെ തന്ത്രപ്രധാനമായൊരു പ്രതിരോധ പങ്കാളിയാണ് ഗ്രീസ്. നാറ്റോ മുന്നോട്ടുവയ്‌ക്കുന്ന ഡിസൈൻ നിലവാരം എൽആർ-എൽഎസി മിസൈലുകൾ പാലിക്കുന്നുണ്ട്. ഡിആർഡിഒയുടെ നിർഭയ് മിസൈൽ പ്രോഗ്രാമിന് കീഴിലാണ് ഈ മിസൈൽ വികസിപ്പിച്ചത്. എയർബേസുകൾ, കമാന്റ് സെന്ററുകൾ തുടങ്ങി ശത്രുവിന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ കൃത്യതയാർന്ന ആക്രമണം നടത്താൻ ഈ മിസൈൽ ഉചിതമാണ്. പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ഇത്തരം ആക്രമണരീതിയാണ് പിന്തുടർന്നത്. 450 കിലോവരെയുള്ള ആയുധങ്ങൾ അവ പരമ്പരാഗതമായതും ഒപ്പം ആണവായുധമായാലും വഹിക്കാൻ മിസൈലിന് കഴിവുണ്ട്. 10 മീറ്ററിൽ താഴെയുള്ള ആക്രമണത്തിനാവശ്യമായ പ്രദേശങ്ങളിൽ ജിപിഎസും ടെറൈൻ കോണ്ടൂർ മാച്ചിംഗും (ടെർകോം) ഉപയോഗിച്ച് ഇവ ആക്രമണം നടത്തും.
ഒന്നിലധികം തരം ആക്രമണരീതി പിന്തുടരാൻ കഴിയുന്ന ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന് അമേരിക്കയുടെ ടോംഹക് മിസൈലിനെ ഇക്കാര്യത്തിൽ പിന്നിലാക്കാനാകും. നാറ്റോ രാജ്യങ്ങൾ ഉപയോഗിക്കുന്ന എഫ്-16, യൂറോഫൈറ്റർ ടൈഫൂൺ, റഫാൽ എന്നിവയിൽ ഇവ ഉപയോഗിക്കാൻ സാധിക്കും. ഗ്രീസ് ഈ മിസൈൽ വാങ്ങുന്നതിൽ അതിയായ താൽപര്യം കാണിച്ചിട്ടുള്ളതായും ഡിആർഡിഒ അധികൃതരുമായി സംസാരിച്ചിട്ടുള്ളതുമായാണ് വിവരം. പോളണ്ട്, റൊമേനിയ പോലെ റഷ്യൻ അധിനിവേശത്തെ ഭയക്കുന്ന രാജ്യങ്ങൾക്കും ഈ മിസൈൽ വാങ്ങാൻ താൽപര്യമുണ്ടായിട്ടുണ്ട്. ഇതിന്റെ പ്രകടനം അവർ വിലയിരുത്തുകയാണ്. തന്ത്രപ്രധാനമായ കരിങ്കടൽ പ്രദേശത്ത് പ്രതിരോധത്തിന് മിസൈൽ ഉപയോഗിക്കാനാണ് റൊമേനിയ ശ്രമിക്കുന്നത്.
എൽആർ-എൽഎസി മിസൈലുകൾ നാറ്റോ രാജ്യങ്ങളിലും മറ്റും നൽകുന്നതിലൂടെ നിലവിലെ 2.5 ബില്യൺ ഡോളറിന്റെ പ്രതിരോധ കയറ്റുമതിയെ അഞ്ച് ബില്യൺ ഡോളർ എന്ന കണക്കിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. മിസൈലിന്റെ ശക്തിയെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടെങ്കിലും രാജ്യത്തിന്റെ തന്നെ പ്രതിരോധ ആവശ്യങ്ങൾ പ്രഥമ പരിഗണന നൽകിയ ശേഷമേ കയറ്റുമതി ആലോചിക്കൂ എന്നാണ് ഡിആർഡിഒ വ്യക്തമാക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |