തിരുവനന്തപുരം: ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ഓൺലൈനായി പങ്കെടുക്കും. മറ്റ് മന്ത്രിമാർ ഓഫീസുകളിലും വസതികളിലും നിന്നാവും പങ്കെടുക്കുക. രാവിലെ 9.30നാണ് യോഗം. തുടർ ചികിത്സകൾക്കായി 10 ദിവസത്തേക്കാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. പകരം ചുമതല ആർക്കും കൈമാറിയിട്ടില്ല.
പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് സ്പോട്ട് അഡ്മിഷൻ 14ന്
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിട്യൂട്ടിലെ സർക്കാർ അംഗീകൃത കോഴ്സായ ജേണലിസം പി.ജി ഡിപ്ലോമ കോഴ്സിൽ ശേഷിക്കുന്ന ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.താത്പര്യമുള്ളവർ ജൂലായ് 14ന് രാവിലെ 11 ന് അടിസ്ഥാന രേഖകളുമായി ഹാജരാകണം. ബിരുദമാണ് യോഗ്യത. ഫീസ് 50,000 രൂപ. തവണകളായും അടയ്ക്കാം. വിവരങ്ങൾക്ക്-99461 08218, 75919 66995, 0471 4614152.
പ്രവാസികളെ ബാങ്കുകൾ
പിന്തുണയ്ക്കണം: പി.ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ, വായ്പ ലഭ്യമാക്കി ബാങ്കുകൾ പിന്തുണയ്ക്കണമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻസുമായി (എൻ.ഡി.പി.ആർ.ഇ.എം) ബന്ധപ്പെട്ട് വായ്പ ലഭ്യമാക്കുന്ന ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോർക്ക സെക്രട്ടറി എസ്. ഹരികിഷോർ അദ്ധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അജയ് കുമാർ സിംഗ് മുഖ്യപ്രഭാഷണം നടത്തി. നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശേരി, സി.എം.ഡി അസോസിയേറ്റ് പ്രൊഫസർ പി.ജി.അനിൽ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.സി.സജീവ് തൈക്കാട്, നോർക്കയുമായി സഹകരിക്കുന്ന 19 ബാങ്കുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ജൈവവൈവിധ്യ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.
കാസർകോട് ജില്ലാ പഞ്ചായത്തിനാണ് മികച്ച പഞ്ചായത്തിനുള്ള പുരസ്ക്കാരം. 1,00,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.വെള്ളായണ കാർഷിക കോളേജാണ് മികച്ച ജൈവവൈവിധ്യ കോളേജ്,മികച്ച ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനമായി മഹാത്മാഗാന്ധി സർവകലാശാലയും തിരഞ്ഞെടുത്തു.കരുനാഗപ്പള്ളി സ്വദേശി ഫൈസൽ.എയ്ക്കാണ് ഹരിത വ്യക്തിയ്ക്കുള്ള പുരസ്കാരം. മികച്ച സംരക്ഷക കർഷകൻ കൽപ്പറ്റ സ്വദേശി കെ.ശശീന്ദ്രനെയും മികച്ച സംരക്ഷക കർഷകയായി ഹരിപ്പാട് സ്വദേശി വാണി.വി, മികച്ച സംരക്ഷക കർഷകയായി കോട്ടയം സ്വദേശി വിധു രാജീവിനെയും തിരഞ്ഞെടുത്തു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ 17 ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ 2 വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് www.polyadmission.org/gci വെബ്സൈറ്റിൽ. അഡ്മിഷൻ പോർട്ടലിലുള്ള സമയക്രമമനുസരിച്ച് അപേക്ഷകർ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഹാജരാകണം.
ബി.എഡ് കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം
തിരുവനന്തപുരം: കേരളസർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബി.എഡ് കോളേജുകളിലെ (എയ്ഡഡ്) കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാല അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. സർട്ടിഫിക്കറ്റുകളുമായി 10ന് 12നകം കോളേജുകളിൽ ഹാജരാവണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |