തിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ആദ്യ ഘട്ട പട്ടികയ്ക്കെതിരെ ചില മുതിർന്ന എ ഗ്രൂപ്പ് നേതാക്കൾ പരസ്യ പ്രതിഷേധമുയർത്തിയെങ്കിലും, അതിനെ അവഗണിച്ച് അവശേഷിച്ച പട്ടികയും സംസ്ഥാന നേതൃത്വം ഇന്നലെ പുറത്തിറക്കി.
തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ പട്ടികകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ തർക്കത്തെത്തുടർന്ന് മാറ്റിവച്ചിരുന്ന തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ ഏഴ് ബ്ലോക്കുകളിലെ പേരുകളും ഇന്നലെ പ്രഖ്യാപിച്ചു. ഇതോടെ ആകെ 282 ബ്ലോക്കുകളിലും പുതിയ പ്രസിഡന്റുമാരായി.
വെള്ളിയാഴ്ച രാത്രി വൈകിയാണ് 11 ജില്ലകളിലെ 197 ബ്ലോക്ക് പ്രസിഡന്റുമാരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടത്. ഇന്നലെയും അതേ രീതിയിലാണ് പ്രഖ്യാപനം.തിരുവനന്തപുരത്ത് 28ഉം കോട്ടയത്ത് 18ഉം മലപ്പുറത്ത് 32ഉം ബ്ലോക്കുകളിലാണ് പുതിയ പ്രസിഡന്റുമാർ.
അതേസമയം, പട്ടികയ്ക്കെതിരെ നേതാക്കളുടെ പരസ്യപ്രതിഷേധവും മുഴങ്ങിത്തുടങ്ങി. കണ്ണൂരിൽ മുതിർന്ന എ ഗ്രൂപ്പ് നേതാവ് ബെന്നി ബെഹനാൻ എം.പി, പട്ടിക പുറത്തിറക്കിയ രീതിക്കെതിരെ രംഗത്തുവന്നു. കൂടിയാലോചനകളുണ്ടായിട്ടില്ലെന്നാണ് പരാതി. വയനാട്ടിലെ നേതൃസമ്മേളനത്തിലുയർന്ന ഐക്യകാഹളം തകരുന്നതിന്റെ സൂചനയായി ഇത്.
എല്ലാ വിഭാഗങ്ങളെയും
പരിഗണിച്ചെന്ന് നേതൃത്വം
പട്ടികയിൽ എല്ലാ വിഭാഗങ്ങൾക്കും പരമാവധി പരിഗണന നൽകിയിട്ടുണ്ടെന്ന് നേതൃത്വം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം പരസ്യ പ്രതിഷേധമുയർത്തിയ എം.കെ. രാഘവന്റെ നോമിനികൾക്കാണ് കോഴിക്കോട്ട് കൂടുതൽ പരിഗണന കിട്ടിയതെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സിറ്റിംഗ് എം.പിമാരുടെ താല്പര്യങ്ങൾക്ക് പരമാവധി പരിഗണന നൽകിയിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. എം.എൽ.എമാരുടെ ആവശ്യങ്ങളും പരിഗണിച്ചിട്ടുണ്ട്.
12 വർഷത്തിന് ശേഷമാണ് സംസ്ഥാന കോൺഗ്രസിൽ ബ്ലോക്ക് പ്രസിഡന്റുമാരുടെ പുന:സംഘടന നടക്കുന്നത്. പുതിയ ബ്ലോക്ക് പ്രസിഡന്റുമാർക്ക് രണ്ട് മേഖലകളായി തിരിച്ച് നേതൃത്വ പരിശീലനം നൽകുമെന്ന് കെ.പി.സി.സി വൃത്തങ്ങൾ അറിയിച്ചു.
പുന:സംഘടനയ്ക്കായി നിയോഗിച്ച ഏഴംഗ സമിതി 180 ബ്ലോക്കുകളിലേക്ക് ഒറ്റപ്പേരായാണ് കെ.പി.സി.സി നേതൃത്വത്തിന് കരട് പട്ടിക സമർപ്പിച്ചിരുന്നത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കരട് പട്ടികയന്മേൽ നടത്തിയ കൂടിയാലോചനയിൽ, ഇതിൽ ഒമ്പതിടത്ത് മാറ്റം വരുത്തി. സാമുദായിക സമവാക്യവും , പ്രാദേശിക വിഷയങ്ങളും കണക്കിലെടുത്താണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |