ന്യൂഡൽഹി: രണ്ടു ദിവസത്തെ നിർണായക സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. സീതാറാം യെച്ചൂരിയുടെ വിയോഗത്തെത്തുടർന്ന് ഒഴിഞ്ഞ പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതല ആരെ ഏൽപ്പിക്കും എന്നത് സംബന്ധിച്ച തീരുമാനം പ്രതീക്ഷിക്കുന്ന യോഗമാണിത്. ഇക്കാര്യത്തിലുള്ള നിർദ്ദേശങ്ങൾ ഇന്നു രാവിലെ അവയ്‌ലബിൾ പിബി ചേർന്ന ശേഷം കേന്ദ്രകമ്മിറ്റിക്ക് കൈമാറുമെന്നാണ് അറിയുന്നത്.
ഇന്നലെ അവസാനിച്ച രണ്ടുദിവസത്തെ പൊളിറ്റ് ബ്യൂറോ ചർച്ചകളുടെ തുടർച്ചയായാണ് യെച്ചൂരിയുടെ പിൻഗാമിയുടെ വിഷയം കേന്ദ്ര കമ്മിറ്റിയിൽ വരിക. 2025 ഏപ്രിലിൽ തമിഴ്നാട്ടിലെ മധുരയിൽ 24ാം പാർട്ടി കോൺഗ്രസ് പ്രഖ്യാപിക്കുകയും പാർട്ടി സമ്മേളനങ്ങൾ തുടങ്ങുകയും ചെയ്‌തതിനാൽ താത്‌കാലിക സംവിധാനം മതിയെന്ന് ചില പിബി അംഗങ്ങൾ നിർദ്ദേശിച്ചിരുന്നു. മുതിർന്ന നേതാവിനെ ചുമതല ഏൽപ്പിക്കണമോയെന്ന കാര്യത്തിലും ചർച്ചയുണ്ടായി. മണിക് സർക്കാർ അടക്കം ചില നേതാക്കൾ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പേര് നിർദ്ദേശിച്ചു. തത്കാലം പിബി അംഗങ്ങൾ ചുമതലകൾ പങ്കിടാമെന്നതാണ് യോഗത്തിലുയർന്ന മറ്റൊരു നിർദ്ദേശം. ഇന്നു രാവിലെ അവയ്‌ലബിൾ പിബി ചേർന്ന് യോഗത്തിലുയർന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര കമ്മിറ്റിക്ക് നൽകും. രണ്ടുദിവസത്തെ ചർച്ചയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
പി.വി. അൻവറിന്റെ വെളിപ്പെടുത്തൽ അടക്കം വിവാദങ്ങൾ കേന്ദ്രകമ്മിറ്റിയിൽ ചർച്ചയാകാനുള്ള സാദ്ധ്യതയുമുണ്ട്. ഇന്നലെ അന്തരിച്ച പുഷ്‌പന്റെ അനുസ്‌മരണ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ന് കണ്ണൂരിലേക്ക് പോകുന്നതിനാൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിനുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |