പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ബി ജെ പി മൂന്നാം സ്ഥാനത്തായിരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ ബി ജെ പി ആദ്യം തൊട്ടേ മൂന്നാം സ്ഥാനത്താണ്. എൽ ഡി എഫും യു ഡി എഫും തമ്മിലാണ് പ്രധാന മത്സരമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കഴിഞ്ഞ തവണ ഇ ശ്രീധരന് ലഭിച്ച വോട്ടുകളൊന്നും ഇത്തവണത്തെ സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറിന് ലഭിക്കാൻ പോകുന്നില്ല. കഴിഞ്ഞ തവണ ഷാഫിക്ക് ലഭിച്ച വോട്ടും ഇത്തവണ യു ഡി എഫിന് ലഭിക്കാൻ പോകുന്നില്ല.
ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് അവിടെയുള്ളത്. ബി ജെ പി ദുർബലമായിരിക്കുകയാണ്. ബി ജെ പിക്കകത്തും, ബി ജെ പിയുമായി ബന്ധപ്പെട്ടും വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് സംസ്ഥാനത്തൊട്ടാകെ രൂപപ്പെട്ടുവന്നത്.
നിരവധി ബി ജെ പി നേതാക്കൾ കോടാനുകോടി രൂപയുടെ കള്ളക്കടത്തും കുഴൽപ്പണവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ബി ജെ പിയെ വേട്ടയാടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കുമിത്. ഷാഫി പറമ്പിലിന് നാല് കോടി കൊടുത്തെന്നാണ് സുരേന്ദ്രൻ പറയുന്നത്. അങ്ങനെ കോൺഗ്രസും ബി ജെ പിയും കുഴൽപ്പണവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായ വക്താക്കളായി നിൽക്കുന്നെന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |