പാലക്കാട്: ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങില്ല എന്നത് ഉറച്ച തീരുമാനമാണെന്ന് സന്ദീപ് വാര്യർ. തന്റെ പ്രവൃത്തി ശരിയാണോ തെറ്റാണോയെന്നത് കാലം വിലയിരുത്തട്ടെയെന്ന് സന്ദീപ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'ആർഎസ്‌എസ് പ്രതിനിധിയായ എ ജയകുമാറിനോട് പ്രശ്‌നങ്ങൾ പറഞ്ഞു. എന്റെ പരാതികൾ നേരത്തെ കേട്ടിരുന്നുവെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. വയനാട്ടിലെ പ്രചരണത്തിന്റെ ഏകോപന ചുമതല തന്നത് കെ സുരേന്ദ്രൻ ഔദ്യാരമായി അവതരിപ്പിക്കരുത്. അത് അർഹതയ്ക്കുള്ള അംഗീകാരം. ചുമതല നന്നായി നിറവേറ്റി.
പാർട്ടിയിൽ എന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചത്. സിപിഎം നേതാക്കൾ എന്നെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞതിന് നന്ദിയുണ്ട്. എന്നാൽ സിപിഎമ്മിൽ ചേരാനില്ല. ഇപ്പോൾ ബിജെപിയിലാണുള്ളത്. സ്വന്തം ജില്ലയിൽ തന്നെ എന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചത്. അപമാനിക്കപ്പെടില്ല എന്ന സുരേന്ദ്രൻ നൽകിയ ഉറപ്പിന്മേലാണ് പാലക്കാട് പോയത്. എന്നാലത് തെറ്റി. കൺവെൻഷന് പോയപ്പോൾ വീണ്ടും അപമാനിക്കപ്പെട്ടു. ഇത്തരത്തിൽ വീണ്ടും അപമാനം സഹിക്കേണ്ടി വന്നപ്പോഴാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്'-സന്ദീപ് വാര്യർ വ്യക്തമാക്കി.
ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്കെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സിപിഎമ്മിലേക്ക് പോകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് സന്ദീപ് പ്രതികരിച്ചത്. സന്ദീപ് വാര്യരെ അനുനയിപ്പിക്കാനായി ബിജെപി നേതാവ് പി ആര്‍ ശിവശങ്കരനും ആര്‍എസ്എസ് നേതാവ് ജയകുമാറും നേരിട്ട് വീട്ടിലെത്തിയിരുന്നു.
അപമാനിക്കപ്പെട്ടുവെന്നും സി കൃഷ്ണകുമാര്‍ തന്നെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ച വ്യക്തിയാണെന്നും നേരത്തെ സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ സംസാരിക്കാന്‍ കെ സുരേന്ദ്രന്‍ തയ്യാറായിരുന്നുവെങ്കില്‍ കുറച്ച്കൂടി സന്തോഷമാകുമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല. ഈ നിമിഷവും ബിജെപി പ്രവര്‍ത്തകന്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ നടപടി നേരിടാനും മാത്രം വലിയ നേതാവാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അത്തരമൊരു നടപടി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമോയെന്ന് ആശങ്കപ്പെടുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ലെന്നും സന്ദീപ് വാര്യർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |