തൊടുപുഴ: സി.പി.എം ലോക്കൽ സമ്മേളനത്തിലുണ്ടായ കൂട്ടത്തല്ലിൽ ക്ഷേമനിധി ബോർഡ് ചെയർമാനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്കൽ സെക്രട്ടറിക്കും ഉൾപ്പെടെ മർദ്ദനമേറ്റു.പുതിയ ലോക്കൽ സെക്രട്ടറി രാജി വയ്ക്കുന്നതായി പറഞ്ഞ്
ഓടി രക്ഷപ്പെട്ടു.ശനിയാഴ്ച വൈകിട്ട് തൊടുപുഴയ്ക്ക് സമീപത്തെ ഇടവെട്ടി ലോക്കൽ സമ്മേളനത്തിലാണ് സംഘർഷമുണ്ടായത്.
നിലവിലുള്ള സെക്രട്ടറി തുടരാനാണ് 59 പേരടങ്ങുന്ന ലോക്കൽ കമ്മിറ്റി പ്രതിനിധികൾ തീരുമാനിച്ചത്. തുടർന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ 15 അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. എന്നാൽ ഇവർ മറ്റൊരാളെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പുറത്ത് ഹാളിൽ ഉണ്ടായിരുന്ന ലോക്കൽ സമ്മേളന പ്രതിനിധികളെ ഇക്കാര്യം നിലവിലെ സെക്രട്ടറി അറിയിച്ചതോടെ അവർ ക്ഷുഭിതരായി രംഗത്ത് വന്നു. പുതിയ സെക്രട്ടറിയായി ഇഷ്ടക്കാരനെ നിയോഗിച്ചതിന് പിന്നിൽ ക്ഷേമനിധി ബോർഡ് ചെയർമാനാണെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു. ഇത് കൂട്ട സംഘർഷത്തിൽ കലാശിച്ചു. അടി കിട്ടിതോടെയാണ്പുതുതായി തിരഞ്ഞെടുത്ത ലോക്കൽ സെക്രട്ടറി രാജി വയ്ക്കുന്നതായി അറിയിച്ച് രക്ഷപ്പെട്ടത്. സമ്മേളനത്തിൽ പങ്കെടുത്ത പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.പി.മേരിയും ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസലും ഇടപെട്ടാണ് സംഘർഷം നിയന്ത്രിച്ചത്. വിഭാഗീയത സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഏരിയാ കമ്മിറ്റിയെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |