മധുര: കൊവിഡ് കാലത്തെ ഇടിവിനുശേഷം സി.പി.എമ്മിൽ അംഗങ്ങളായവരുടെ എണ്ണത്തിൽ വർദ്ധനയെന്ന് മധുര പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട്. എന്നാൽ, പ്രതീക്ഷിച്ച വർദ്ധനയല്ല ഇതെന്നും പി.ബി അംഗം ബി.വി.രാഘവലു പറഞ്ഞു. ഇതിനുള്ള പരിഹാര നടപടികൾ പാർട്ടി കോൺഗ്രസിനുശേഷം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
2021ൽ 9,85,757 ആയിരുന്നത് 2024ൽ 10,19,009 ആയി (33,252 പേരുടെ വർദ്ധന). 2024ൽ വനിതാ അംഗങ്ങൾ 18.2 ശതമാനത്തിൽ നിന്ന് 20.2 ശതമാനമായും യുവാക്കൾ 19.5 ശതമാനത്തിൽ നിന്ന് 22.6 ശതമാനമായും വർദ്ധിച്ചു. 75.97 ശതമാനം അംഗങ്ങളും അടിസ്ഥാന വിഭാഗങ്ങളിൽ നിന്നാണെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിനുശേഷം ബഹുജന സംഘടനകളുടെ അംഗത്വത്തിൽ 64 ലക്ഷം വർദ്ധനവുണ്ടായി. പാർട്ടി അംഗത്വത്തിലെ വർഗഘടന ഇങ്ങനെ: തൊഴിലാളിവർഗം: 48.2%, കർഷകത്തൊഴിലാളികൾ: 17.79 %, ദരിദ്ര കർഷകർ: 9.93%.
ത്രിപുരയിൽ ഇടിവ്,
വർദ്ധന കേരളത്തിൽ
ശക്തികേന്ദ്രമായിരുന്ന ത്രിപുരയിൽ അംഗത്വം കുത്തനെ ഇടിഞ്ഞതായി സംഘടനാ റിപ്പോർട്ട്. വടക്കേ ഇന്ത്യയിൽ പാർട്ടി സാന്നിദ്ധ്യമുള്ള ഹിമാചൽ പ്രദേശിൽ 2056 അംഗങ്ങൾ മാത്രം. ലോക്‌സഭയിൽ ഒരു സീറ്റുള്ള രാജസ്ഥാനിൽ 5,232 പേർ. ത്രിപുരയിൽ 2021ൽ 50,612 ആയിരുന്നത് 2024ൽ 39,626 ആയി കുറഞ്ഞു. പശ്ചിമ ബംഗാളിലും കുറഞ്ഞു: 2021ൽ1,60,827, 2024ൽ 1,58,143. കേരളം: 2021ൽ 5,27,174, 2024ൽ 5,64,895.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |