മതനിരപേക്ഷത ദുർബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ നിലപാട് എടുക്കണം: സി.പി.എം 

Monday 18 May 2026 12:31 AM IST

തിരുവനന്തപുരം: മതനിരപേക്ഷതയെ ദുർബ്ബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. രാഷ്ട്രീയ പാർടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സഹവർത്തിത്വവും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണം. സമീപ ദിവസങ്ങളിൽ ചില രാഷ്ട്രീയ പാർടികളും സമുദായ സംഘടനയും നടത്തിയ പ്രസ്താവനകളും പ്രതികരണങ്ങളും അത്യന്തം ആപൽകരമാണ്. പരസ്പരം വിദ്വേഷം പകർത്തുന്നവിധമുള്ള പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ വലിയ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിന് ഇടയാക്കും. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളികളഞ്ഞില്ലെങ്കിൽ സമൂഹത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടും. അടുത്ത ദിവസങ്ങളിൽ ഇടുക്കിയിലും അതിന് പ്രതികരണമെന്ന നിലയിൽ മറ്റിടങ്ങളിലും ഉയർന്നുവന്ന പ്രതികരണങ്ങൾക്കെതിരെ കേരള സമൂഹം പ്രതിഷേധിക്കണം. രാജ്യത്തെമ്പാടും ന്യൂനപക്ഷ വിഭാഗങ്ങളെ അക്രമിക്കുകയും വർഗ്ഗീയ ധ്രുവീകരണങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ അതിൽ നിന്നും വിമുക്തമായി നിന്ന സംസ്ഥാനമായിരുന്നു കേരളം. കഴിഞ്ഞ പത്ത് വർഷമായി വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത നാടായി കേരളത്തെ നയിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിരുന്നു. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാനുള്ള എല്ലാ ശ്രമങ്ങൾക്കുമെതിരെ സാംസ്‌കാരിക കേരളം ഒന്നിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.