കോഴിക്കോട്: വിദ്യാർത്ഥികളുടെ മർദ്ദനത്തെ തുടർന്ന് താമരശ്ശേരി എളേറ്റിൽ എം.ജെ ഹയർസെക്കൻഡറി സ്‌കൂൾ പത്താംക്ലാസ് വിദ്യാർത്ഥി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസിൽ താമരശേരി ഇൻസ്പക്ടർ സായൂജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആറ് വിദ്യാർഥികളെ മാത്രം പ്രതികളാക്കി ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. ഗൂഢാലോചന സംബന്ധിച്ച് തുടരന്വേഷണം നടക്കുകയാണെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തിങ്കളാഴ്ച കുറ്റാരോപിതരുടെ ജാമ്യഹർജിയിൽ വിധി പറയാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്.
107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഷഹബാസിനെ വിദ്യാർത്ഥികൾ ആക്രമിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. അതേസമയം ഷഹബാസിന്റെ കുടുംബം തുടക്കം മുതൽ തന്നെ പ്രതികളായ വിദ്യാർത്ഥികളുടെ ബന്ധുകൾക്ക് കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. അത്തരം പങ്കിനെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടില്ല.
സ്വകാര്യ ട്യൂഷൻ സെന്ററിലുണ്ടായ യാത്രയയപ്പ് ചടങ്ങിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിനാണ് മുഹമ്മദ് ഷഹബാസ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |