ഇന്ന് സൈക്കിൾ ദിനം : ഹെർക്കുലീസ്,​ അതാണ് പദ്മനാഭന്റെ ജീവൻ ടോൺ !

Wednesday 03 June 2026 12:51 AM IST

തിരുവനന്തപുരം: പദ്മനാഭന്റെ ജീവിതം സൈക്കിളിലാണ്!. കുട്ടിക്കാലത്തേ തുടങ്ങി,​ എവിടെ പോയാലും കൂട്ടുണ്ട് സൈക്കിൾ. അച്ഛൻ വാങ്ങിക്കൊടുത്ത അതേ ഹെർക്കുലീസ്. സ്വകാര്യ കൊറിയർ കമ്പനിയിലാണ് പേട്ട അക്ഷരവീഥി ബേബി നിവാസിൽ ആർ.പദ്മനാഭന് (52) ജോലി. ഇതുവരെ ഒരു രോഗവും പദ്മനാഭന് വന്നിട്ടില്ല. ജീവിത ശൈലീ പ്രശ്നങ്ങളുമില്ല. സൈക്കിളും നല്ല കണ്ടീഷൻ. ഇടയ്ക്കിടയ്ക്ക് സൈക്കിൾ വർക്‌ഷോപ്പിൽ കൊടുത്ത് സർവീസ് ചെയ്യും. പെഡലും ബ്രേക്കും കണ്ടീഷനാക്കും.

തപാൽ ഉരുപ്പടികളുമായി ദിവസം ശരാശരി 50 കിലോമീറ്ററെങ്കിലും സൈക്കിൾ ചവിട്ടും. മുട്ടത്തറയിലെ ഓഫീസിൽ നിന്നും കുലശേഖരത്തും പള്ളിപ്പുറത്തുമെല്ലാം തപാലെത്തിക്കും. എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചപ്പോൾ അച്ഛൻ ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്ന വി.രാമചന്ദ്രൻ സമ്മാനിച്ചതാണ് ഈ ഹെർക്കുലീസ്. സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ ബൈക്കിലേക്കും സ്‌കൂട്ടറിലേക്കും മാറി. വിവാഹ ശേഷം ഭാര്യ ആണ്ടാൾ ആയി പിൻസീറ്റ് യാത്രക്കാരി.

ജോലിക്കിറങ്ങിയാൽ, മഴയിലും ഹെർക്കുലീസ് സൈക്കിൾ എവിടെയും നിൽക്കില്ല. ഉരുപ്പടികൾ എല്ലാം പ്ലാസ്റ്റിക് കവറിനുള്ളിൽ ഭദ്രമാക്കി ബാഗിലാക്കും. പക്ഷേ പദ്മനാഭന് ഇതൊന്നും ബാധകമല്ല. കോട്ടുമില്ല, തൊപ്പിയുമില്ല വിലാസം തേടി മഴ നനഞ്ഞങ്ങ് ചവിട്ടും. ''എനിക്കിഷ്ടമില്ല. മഴ നനയുന്നത് നല്ലതല്ലേ. വീട്ടിലെത്തിയിട്ട് പച്ചവെള്ളത്തിൽ കുളിക്കും അതാ പതിവ്'' ചിരിച്ച് പദ്മനാഭൻ "കോട്ടിടാത്ത സത്യം" പറയും. മക്കൾക്ക് നൽകിയ വിശേഷപ്പെട്ട സമ്മാനവും സൈക്കിൾ തന്നെ. മകൻ പി.ജയവിഷ്ണു ബി.ടെക് കഴിഞ്ഞു. മകൾ പി.മനോരഞ്ജിത മൂന്നാം വർഷ ബി.ടെക് വിദ്യാർത്ഥി.

ഇത് ആരോഗ്യചക്രം !

ദിവസം അരമണിക്കൂർ സൈക്കിൾ ചവിട്ടുന്നത് ഹൃദയാരോഗ്യത്തിന് നല്ലതെന്ന് ഡോക്ടർമാർ ഒരു മണിക്കൂർ ചവിട്ടിയാൽ ആയുസിലേക്ക് ഒരു മണിക്കൂർ കൂട്ടിച്ചേർക്കാം അപകടസാദ്ധ്യത കുറവ്, ലൈസൻസ് വേണ്ട, വാഹന നികുതി പ്രശ്നമല്ല