തിരുവനന്തപുരം : ശ്രീവരാഹം സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനിയർ എം.എസ്.നീതുവിന് (31) ഇടതുകൈയിലെയും കാലിലെയും ഒൻപത് വിരലുകൾ നഷ്ടമാക്കിയത് കൊഴുപ്പ് നീക്കൽ ചികത്സയിലെ പാളിച്ച.
വയറിൽ അടിയുന്ന അമിതമായ കൊഴുപ്പ് നീക്കി ശരീരസൗന്ദര്യം നിലനിറുത്താനുള്ള ലിപ്പോസക്ഷൻ ശസ്ത്രക്രിയയാണ് പ്രശ്നമായത്. ഈ ശസ്ത്രക്രിയ നിസാരമല്ല. രോഗിക്ക് കൃത്യമായ മുന്നൊരുക്കവും ഡോക്ടർക്ക് കരുതലും കൂടിയേ തീരൂ.
സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവിലുള്ള നീതുവിനെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഴക്കൂട്ടം കുളത്തൂരിലെ സ്വകാര്യ സൗന്ദര്യവർദ്ധക ആശുപത്രിയായ കോസ്‌മെറ്റിക്കിലാണ് ശസ്ത്രക്രിയയിൽ പിഴവുണ്ടായത്.
പ്ലാസ്റ്റിക് സർജൻമാരാണ് ഇത്തരത്തിലുള്ള ലിപ്പോസക്ഷൻ ശസ്ത്രക്രിയകൾ ചെയ്യുന്നത്. ചെറിയപിഴവുകൾ പോലും സങ്കീർണതകളിലേക്ക് നയിക്കുന്ന ശസ്ത്രക്രിയയാണിതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക്ക് സർജറി വിഭാഗം മുൻ മേധാവി ഡോ.കെ.അജയകുമാർ പറഞ്ഞു. പരമാവധി അഞ്ച് ലിറ്റർ കൊഴുപ്പ് വയറിനുള്ളിൽ നിന്ന് നീക്കുന്നതാണ് പ്രായോഗികം. ചിലയിടങ്ങളിൽ വയറിലെയും ചുറ്റുമുള്ള ഭാഗത്തെയും ഇടുപ്പിന് താഴ്വശത്തെയും കൊഴുപ്പ് അപ്പാടെ നീക്കും. ഇത് സങ്കീർണമാണ്. ലിപ്പോസക്ഷൻ, അബ്ഡോമിനോ പ്ലാസ്റ്റി എന്നിങ്ങനെ രണ്ടുതരം ശസ്ത്രക്രിയകളാണ് കൊഴുപ്പ് നീക്കാൻ സാധാരണ ചെയ്യുന്നത്. ലിപ്പോസക്ഷൻ കീഹോളിന് സമാനമായ രീതിയിൽ ചെറിയ ദ്വാരത്തിലൂടെ സൂചികടത്തിവിട്ട് കൊഴുപ്പിനെ വലിച്ചെടുക്കുകയാണ്. രക്തസ്രാവം കുറയ്ക്കാൻ മരുന്നുകളും കുത്തിവയ്ക്കും. കീഹോൾ ശസ്ത്രക്രിയപോലെ ക്യാമറയുടെയോ സ്ക്രനീനിന്റെയോ സഹായത്തോടയല്ല ലിപ്പോസക്ഷൻ ചെയ്യുന്നത്. ഇതിൽ വയറിന്റെ ഉൾഭാഗത്തെ കാണാനാവില്ല. അതിനാൽ, ശസ്ത്രക്രിയയ്ക്കു മുമ്പ് മതിയായ പരിശോധനകൾ നടത്തി മറ്റു പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കണം.
മുന്നൊരുക്കങ്ങൾ
അമിതവണ്ണമുള്ളവർ ഡയറ്റിലൂടെ വണ്ണം കുറച്ചശേഷം ശസ്ത്രക്രിയയ്ക്ക് വിധേയമാകണം
പ്രമേഹം നിയന്ത്രണവിധേയമായിരിക്കണം. ഹൃദയസംബന്ധ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കണം
ശ്വാസകോശ പ്രശ്നങ്ങൾ പാടില്ല. ഇതു സംബന്ധിച്ച വ്യായാമങ്ങൾ മുൻകൂട്ടി ചെയ്യണം
കൊഴുപ്പടിഞ്ഞ് തൂങ്ങിയ വയർ ക്ലീനാക്കുമ്പോൾ ശ്വസന ബുദ്ധിമുട്ടുകൾക്ക് സാദ്ധ്യതയുണ്ട്
അപകടങ്ങൾ പലത്
മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ വലിയ അളവിൽ കൊഴുപ്പ് നീക്കുന്നതിലൂടെ അമിതി രക്ത നഷ്ടമുണ്ടായി രോഗി ഹൈപ്പോടെൻഷൻ അവസ്ഥയിലേക്ക് മാറാം. തുടർന്ന് ഹൃദയത്തിന്റെ പമ്പിംഗ് കുറയുമ്പോൾ ശരീരത്തിൽ രക്തയോട്ടം കുറയും. വിരൽതുമ്പുകൾ ഉൾപ്പെടെ കറുത്ത് നിർജീവമാകും. അൾട്രാസൗണ്ട് സ്കാനിംഗ് ഉൾപ്പെടെ നടത്തി വയറിനുള്ളിലെ സ്ഥിതിവിലയിരുത്തണം. ചെറിയ ഹെർണിയപോലുള്ളവ ഉണ്ടെങ്കിൽ കൊഴുപ്പ് വലിച്ചെടുക്കുമ്പോൾ അത് പൊട്ടാം. തുടർന്ന് വൻകുടലിൽ നിന്നുള്ളൾപ്പെടെ അണുബാധ ശരീരത്തിലുടനീളം വ്യാപിക്കും.കൊഴുപ്പ് നീക്കം ചെയ്യാനുപയോഗിക്കുന്ന ഉപകരണത്തിലെ അണുബാധയാണ് മറ്റൊരു പ്രശ്നം. വലിയതോതിൽ കൊഴുപ്പ് നീക്കിയാൽ കുറഞ്ഞത് 12മണിക്കൂർ നിരീക്ഷണം നിർബന്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |