കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിഷ മദ്യം കഴിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 23 ആയി ഉയർന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 160 ആയി. പലരുടെയും നില ഗുരുതരമാണ്. മരിച്ചവരിൽ ഒരാൾ കണ്ണൂർ ഇരിണാവ് സ്വദേശി പി. സച്ചിൻ (31) ആണെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു.
മരിച്ചവരിൽ അഞ്ച് മലയാളികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ ഉൾപ്പെട്ടവരുടെ പേരോ, രാജ്യമോ കുവൈറ്റ് അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 21 പേർക്ക് കാഴ്ച നഷ്ടമായി. മദ്യത്തിന്റെ ഉത്പാദനവും വില്പനയും ഉപയോഗവും കുവൈറ്റിൽ കർശനമായി നിരോധിച്ചിട്ടുള്ളതാണ്.
ദുരന്തത്തിൽ 40ഓളം ഇന്ത്യക്കാർ ഉൾപ്പെട്ടെന്ന് സ്ഥിരീകരിച്ച ഇന്ത്യൻ എംബസി, +965-65501587 എന്ന ഹെൽപ് ലൈൻ നമ്പറിലേക്ക് കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാമെന്നും എല്ലാവിധ സഹായങ്ങൾ ഉറപ്പാക്കുമെന്നും അറിയിച്ചിരുന്നു. ശനിയാഴ്ച മുതലാണ് ജലീബ് അൽ-ഷുയൂഖ് മേഖലയിലെ അനധികൃത വില്പന കേന്ദ്രത്തിൽ നിന്ന് മദ്യം വാങ്ങിയവരെ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രികളിൽ പ്രവേശിപ്പിച്ചു തുടങ്ങിയത്. പ്രവാസികൾ അടക്കം 10 പേർ കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയിലായി.
കുവൈത്ത് മദ്യദുരന്തം:
മരിച്ച കണ്ണൂർ സ്വദേശിയുടെ
മൃതദേഹം ഇന്നെത്തിക്കും
കണ്ണൂർ: കുവൈത്ത് മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശിയായ പൊങ്കാരൻ സച്ചിന്റെ (31) മൃതദേഹം ഇന്ന് രാവിലെ ഏഴരക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും. ഇവിടെ നിന്ന് ഇരിണാവ് സി.ആർ.സി ഗ്രന്ഥാലയത്തിന് സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോകും.
വ്യാഴാഴ്ച വൈകീട്ടോടെയാണ് മദ്യ ദുരന്തത്തിൽ സച്ചിനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നത്.വ്യാജ മദ്യദുരന്തവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്ന ബുധനാഴ്ച്ച വൈകീട്ട് സച്ചിൻ അര മണിക്കൂറോളം അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു.വിഷമദ്യ ദുരന്തത്തെ കുറിച്ചും പറഞ്ഞിരുന്നതായി വീട്ടുകാർ പറഞ്ഞു. പക്ഷെ അപ്പോഴൊന്നും താൻ മദ്യം കുടിച്ചിരുന്നതായി സൂചന നൽകിയിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. ഇവിടെയും സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഏതാനും മാസം മുൻപാണു നാട്ടിൽ വന്നു മടങ്ങിയത്.പൊങ്കാരൻ മോഹനന്റെയും ഗിരിജയുടേയും മകനാണ് സച്ചിൻ. ഭാര്യ: ഷബിന. മകൾ: സിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |