
തൃശൂർ: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയോടെ പോളിംഗ് അമ്പത് ശതമാനം പിന്നിട്ടു. 1.15വരെയുള്ള കണക്കുകൾ പ്രകാരം 51.05 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നിലവിൽ പോളിംഗിൽ മലപ്പുറമാണ് മുന്നിൽ.
കണ്ണൂരിലെ മോറാഴ സൗത്ത് എൽ പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു. ലോട്ടറി വിൽപ്പന നടത്തുന്ന സുധീഷ് കുമാറാണ് (48) മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാണിയൂര്‍ സെൻട്രൽ എൽപി സ്‌കൂളിൽ ബിജെപി ബൂത്ത് ഏജന്റായ രാഹുലിനെ സിപിഎം പ്രവര്‍ത്തകർ ബൂത്തിൽ കയറി മർദ്ദിച്ചതായി പരാതി. പരിക്കുകളോടെ മയ്യില്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂർ കതിരൂരിൽ സ്ഥാനാർത്ഥിക്ക് നേരെ ആക്രമണമുണ്ടായി. യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർത്ഥി കെ ലതികയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ചിലർ ബൂത്തിനകത്തെത്തി ലതികയുടെ കൈയിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റ് പിടിച്ചുവാങ്ങുകയായിരുന്നു.
പിണറായി വെണ്ടുട്ടായിൽ വോട്ടുചെയ്യാനെത്തിയ വയോധികയെ വാഹനം ഇടിച്ചുവീഴ്ത്തി. ആക്കുകണ്ടിയിൽ ശാരദയെയാണ് ഇടിച്ചുവീഴ്ത്തിയത്. വാഹനം നിർത്താതെ പോയി. ശാരദയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുൻമന്ത്രി സി രവീന്ദ്രനാഥ് തൃശൂർ കേരളവർമ്മ കോളേജിൽ വോട്ട് ചെയ്യാൻ എത്തി.

തൃശൂർ ദേവമാതാ സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ ഫുട്ബോൾ ഇതിഹാസം ഐ .എം വിജയനും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനൂം സ്നേഹ സംഭാഷണത്തിൽ.
കണ്ണൂരിൽ മോറാഴ സൗത്ത് എൽ പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു. ലോട്ടറി വിൽപ്പന നടത്തുന്ന സുധീഷ് കുമാറാണ് (48) മരിച്ചത് . മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്‌ലിം ലീഗ് വനിതാ സ്ഥാനാർത്ഥിക്ക് നേരെ കയ്യേറ്റ ശ്രമം. പൊലീസിൽ പരാതി നൽകി.
സിപിഎമ്മിന്റെ മുൻ എംഎൽഎയ്ക്കെതിരെയുള്ള പീഡന പരാതി മുഖ്യമന്ത്രി പൂഴ്ത്തിവച്ചെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ത്രീപീഡകരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. എൻ പിള്ള നയവും ഇരട്ടത്താപ്പും ശരിയല്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേളികൊട്ടായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് രാജ്യം മുഴുവൻ അറിയുമെന്നും എൽഡിഎഫ് വൻഭൂരിപക്ഷത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി എം ബി രാജേഷ് പാലക്കാട് ചളവറ കൈലിയാട് കെ.വി.യു പി സ്കൂളിലെ പതിനഞ്ചാം വാർഡിലെ രണ്ടാമത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പൂനൂർ ജി എം യു പി സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നു.

വോട്ട് ചെയ്തതിന് ശേഷം അബ്ബാസ് അലി ശിഹാബ് തങ്ങൾ, സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, മുനവറലി ശിഹാബ് തങ്ങൾ എന്നിവർ

മന്ത്രി കെ കൃഷ്ണൻകുട്ടിയും കുടുംബവും വിളയോടി, നല്ലമാടൻ ചള്ള എസ്.എൻ.യു.പി സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി.
ശബരിമല സ്വർണക്കൊള്ളക്കാർക്കും ജാതിമത ശക്തികളുമായി ചേർന്ന് വോട്ടുപിടിക്കുന്നവർക്കും എതിരെ ശക്തമായ ജനവിധിയുണ്ടാകുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിൽ അവസാനിപ്പിക്കുകയാണ്. ഉന്നതർക്കെതിരെ അന്വേഷണമില്ല. വോട്ടർമാർക്ക് വലിയ അമർഷമുണ്ട്. യുഡിഎഫ് ഭരണകാലത്തും ദേവസ്വം കൊള്ള നടന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ആദ്യ മണിക്കൂറിലെ പോളിംഗ്
തൃശൂർ –7.5 %
മലപ്പുറം - 9.2 %
വയനാട് -5.6 %
കാസർകോട് –6.9 %
പാലക്കാട് –8.1 %
കോഴിക്കോട് –8.8 %
കണ്ണൂർ –7.8%
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ധർമ്മടത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തി.
പോളിംഗ് ശതമാനം (ആദ്യ അരമണിക്കൂറിൽ)
തൃശൂർ - 1.86
പാലക്കാട് - 1.91
മലപ്പുറം - 2.27
കോഴിക്കോട് - 2.02
വയനാട് - 1.79
കണ്ണൂർ - 2.14
കാസർകോട് - 1.99
കോഴിക്കോട് ബേപ്പൂർ വെസ്റ്റ് ഗവ.എൽപി സ്കൂൾ മൂന്നാം ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. വാണിമേൽ പോളിംഗ് സ്റ്റേഷനിലും സമാന അവസ്ഥയാണ്.
പോളിംഗ് ബൂത്തിൽ മദ്യപിച്ചെത്തിയ പൊലീസുകാർക്കെതിരെ നടപടി. കാഞ്ഞങ്ങാട്ട് സിപിഒമാരായ സനൂബ് ജോൺ, നിഷാദ് എന്നിവരെ പുറത്താക്കി.
കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വോട്ട് രേഖപ്പെടുത്തി. സർക്കാരിന്റെ ജനദ്രോഹപരമായ പ്രവർത്തികൾ ഇതോടെ അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ സിപിഎം നേതാക്കൾക്ക് സർക്കാർ സംരക്ഷണകവചം ഒരുക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിനിടയിൽ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വോട്ട് രേഖപ്പെടുത്തി.യുഡിഎഫിന്റെ വിജയം സുനിശ്ചിതമെന്നും ഭരണവിരുദ്ധ വികാരം ജനങ്ങളെ സ്വാധീനിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു.
മലപ്പുറം മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 13 (പാറക്കുളം) മോക്ക് പോളിംഗ് തടസപ്പെട്ടിരുന്നു. അല്‍ ഹികമ മദ്രസയിലാണ് ബൂത്ത്. ജില്ലാ പഞ്ചായത്തിലേക്കുള്ള മെഷീനാണ് തകരാറിലായത്.
ഇന്ന് ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, മൂന്ന് കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആകെ 1.53 കോടിയിലധികം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ഇതിൽ 80.90 ലക്ഷം സ്ത്രീ വോട്ടർമാരും 72.46 ലക്ഷം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 18,274 പോളിംഗ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി സജ്ജമാക്കിയിരിക്കുന്നത്.
രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചത്.
പല ബൂത്തുകളിലും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |