തിരുവനന്തപുരം: പുതിയ മൊബൈൽ ഫോണുകളോടും ബൈക്കുകളോടുമായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന് കമ്പം. അഫാൻ പറഞ്ഞത് അനുസരിച്ചാണ് വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ കാർ വാങ്ങുന്നത്. കൊവിഡിന് മുമ്പുവരെ പിതാവ് അബ്ദുറഹീമിന്റെ ഗൾഫിലെ ബിസിനസ് നല്ല നിലയിലാണ് പോയിരുന്നത്. ആ സമയത്ത് ആഡംബര ജീവിതമായിരുന്നു അഫാന്റേത്. കുടുംബത്തിന് കടബാദ്ധ്യത വന്നതോടെ എല്ലാം തകിടം മറിഞ്ഞു. അമ്മയ്ക്ക് അർബുദം കൂടി ബാധിച്ചതോടെ കുടുംബം കടുത്ത സമ്മർദ്ദത്തിലായിരുന്നു.
അതിനിടെ അഫാന്റെ ബുള്ളറ്റും കാറും വിറ്റതായും സൂചനയുണ്ട്. അതിനുശേഷം കുറേനാൾ കഴിഞ്ഞാണ് ഒന്നരലക്ഷം രൂപയ്ക്ക് പുതിയ ബൈക്കും ഫോണും വാങ്ങിയത്. കടം കൂടിയതോടെ ഇതെല്ലാം നഷ്ടപ്പെടുമെന്ന് അഫാന് ആശങ്കയുണ്ടായിരുന്നതായും വിലയിരുത്തുന്നുണ്ട്. പാണാവൂരിലെ കോളേജിൽ ബികോം പഠനം പാതിവഴിയിൽ നിറുത്തിയ അഫാന് സുഹൃത്തുക്കൾ കുറവാണ്. മാതാവ് ഷെമിയുടെ നാടായ പേരുമലയിൽ സ്ഥലം വാങ്ങി 10 വർഷം മുൻപാണ് കുടുംബം വീട് വച്ചത്. പിതാവിന്റെ മാതാവിനെ കൊലപ്പെടുത്തിയശേഷം കവർന്ന മാല പണയംവച്ച് കിട്ടിയ തുകയിൽ നിന്ന് നാൽപ്പതിനായിരം രൂപ കടം വീട്ടാൻ അഫാൻ ഉപയോഗിച്ചെന്നും അറിയുന്നു.
ഫർസാനയുടെ മാലയും
വാങ്ങി പണയം വച്ചു
അഫാന്റെ കടുത്ത സാമ്പത്തിക ബാദ്ധ്യത കാമുകി ഫർസാനയ്ക്കും അറിയാമായിരുന്നു എന്നാണ് വിവരം. ഫർസാനയുടെ ഒരു സ്വർണമാല വാങ്ങിയും അഫാൻ പണയം വച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയാതിരിക്കാൻ സ്വർണം പൂശിയ മറ്റൊരു മാല ഫർസാനയ്ക്ക് വാങ്ങി നൽകി. അഫാന്റെ സാമ്പത്തിക ബാദ്ധ്യതയെപ്പറ്റി ഫർസാന തന്റെ അമ്മയോട് പറഞ്ഞിരുന്നു. അഫാനുമായി പ്രണയത്തിലാണെന്ന കാര്യം ഫർസാനയുടെ കുടുംബത്തിലെ ചിലർക്ക് അറിയാമായിരുന്നെന്നും സൂചനയുണ്ട്. അഫാന് നല്ലൊരു ജോലി ലഭിച്ചശേഷം വിവാഹത്തെക്കുറിച്ച് അച്ഛനോട് സംസാരിക്കാം എന്ന നിലപാടിലായിരുന്നു ഫർസാന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |